
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി.ജെ.പിക്ക് ഗംഭീര വിജയമാണ് ഉണ്ടായത്. ഉത്തരാഖണ്ഡിൽ ചരിത്രം കുറിച്ച് കൊണ്ട് ബി.ജെ.പി ഭരണത്തുടർച്ച നേടുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിമാര്‍ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഇത്തവണയും മാറിയില്ല . നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പുഷ്‌കര്‍ സിംഗ് ധാമി ഖാത്തിമ മണ്ഡലത്തിൽ പരാജയം രുചിച്ചു.
ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ ഖാതിമ മണ്ഡലത്തില്‍ മത്സരിച്ച 6932 വോട്ടുകൾക്ക് കോൺഗ്രസിന്റെ ഭുവൻചന്ദ്ര കാപ്രിയോടാമ് തോറ്റത്. . 2017-ല്‍ 2709 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഖാതിമ തന്നെ കൈവിടില്ലെന്നായിരുന്നു ധാമിയുടെ കണക്കുകൂട്ടല്‍.
തിരാത് സിംഗ് റാവത് സ്ഥാനമൊഴിഞ്ഞതോടെ മുഖ്യമന്ത്രി കസേരയിലെത്തിയ ധാമി 249 ദിവസങ്ങള്‍ മാത്രമാണ് അവിടെ ഇരുന്നത്. അതായത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും തികച്ചില്ലാത്ത സമയത്തായിരുന്നു ധാമിയുടെ സ്ഥാനാരോഹണം.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ വസതിയുമായി ബന്ധപ്പെട്ട പേരുദോഷവും തുടരുമെന്നാണ് സംസ്ഥാനത്തെ ചർച്ച . ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഈ ബംഗ്ലാവിൽ താമസിച്ച മുഖ്യമന്ത്രിമാർ ആരും ഇതുവരെ കാലാവധി തികച്ചിട്ടില്ല എന്ന അന്ധവിശ്വാസമാണ് മാറാതെ നിൽക്കുന്നത്. .ഏഴരമാസം മുമ്പ് ധാമി അധികാരമേറ്റെടുത്തപ്പോൾ എട്ടു പുരോഹിതരെ വച്ച് ആറ് ദിവസത്തെ പൂജ നടത്തിയതിന് ശേഷമാണ് ബംഗ്ലാവിലേക്ക് താമസം മാറിയത്. വാസ്‌തുദോഷം മാറാനാണ് പൂജകൾ നടത്തിയതെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു. പൂജകൾക്കും ബംഗ്ലാവിന്റെ വിധി മാറ്റാനായില്ല എന്നാണ് രാഷ്ട്രീയ രംഗത്തെ ചർച്ച.
ഡെറാഡൂണിലെ കന്റോൺമെന്റ് ഏരിയയിലാണ് ഈ വസതി. പത്ത് ഏക്കറിലെ പഹാഡി ശൈലിയിലുള്ള ബംഗ്ലാവിൽ അറുപതോളം മുറികൾ, സ്വിമ്മിംഗ് പൂൾ, ലോണുകൾ എന്നിവയുണ്ട് 2010-ൽ ആണ് 16 കോടി രൂപ ചെലവിൽ കന്റോൺമെന്റിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയുടെ നിർമാണം പൂർത്തിയായത്.ബംഗ്ലാവിന്റെ ചരിത്രത്തിൽ അഞ്ചു മുഖ്യമന്ത്രിമാർ താമസിച്ചതിൽ മൂന്നുപേരും ആറുമാസത്തിൽക്കൂടുതൽ പദവിയിൽ ഇരുന്നില്ല. ഒരാൾമാത്രം രണ്ടുവർഷത്തോളം ഇരുന്നു. ആദ്യമായി ഈ ബംഗ്ലാവിൽ താമസിക്കാനെത്തിയത് ബി.ജെ.പി.യുടെ രമേഷ് പൊഖ്രിയാൽ ആയിരുന്നു. പക്ഷേ, നാലുമാസമേ താമസിക്കാൻ യോഗമുണ്ടായുള്ളൂ. 2012-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ വിജയ് ബഹുഗണ മുഖ്യമന്ത്രിയായി
ബംഗ്ലാവിലേക്കെത്തി. എന്നാൽ രണ്ടുവർഷമാകും മുമ്പ് തന്നെ അദ്ദേഹവും മുഖ്യമന്ത്രി പദം ഒഴിഞ്ഞു. അദ്ദേഹത്തിന് പിന്നാലെ അധികാരത്തിലെത്തിയ ഹരീഷ് റാവത്ത് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല. 2017-ൽ ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഈ ബംഗ്ലാവിലാണ് താമസിച്ചത്. നാലുവർഷം പൂർത്തിയാക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് മുഖ്യമന്ത്രിയായ തീരഥ് സിംഗ് റാവത്ത് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി ധാമി താമസിക്കാനെത്തുംവരെ ഒരുവർഷത്തോളം ബംഗ്ലാവ് നാഥനില്ലാതെ കിടന്നു.ഉത്തരാഖണ്ഡ് സംസ്ഥാനമായി പ്രഖ്യാപിച്ച രണ്ടായിരത്തിൽ മുഖ്യമന്ത്രിയായ നിത്യാനന്ദ് സ്വാമി ഡെറാഡൂണിലവെ അദ്ദേഹത്തിന്റെ സ്വന്തം വസതിയിലാണ് താമസിച്ചത്. 2002-ൽ എൻ.ഡി. തിവാരി മുഖ്യമന്ത്രിയായപ്പോൾ ബ്രിട്ടീഷ് കാലത്ത് നിർമിച്ച ബംഗ്ലാവിലേക്കാണ് താമസംമാറിയത്. 2007 വരെ ഇതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുടെ ഔദ്യോഗികവസതി. തിവാരിക്കുശേഷം വന്ന ബി.സി. ഖണ്ഡൂരി സർക്യൂട്ട് ഹൗസിലാണ് താമസിച്ചത്.