blasters

ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് Vs ജംഷഡ്പൂർ ആദ്യപാദ സെമി ഇന്ന്

മഡ്ഗാവ് : ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചില കളികൾ കളിക്കാനായി കേരള ബ്ളാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എല്ലിന്റെ സെമിഫൈനലിലേക്ക് വരികയാണ്. ഇന്ന് രാത്രി ഏഴരയ്ക്ക് ഫത്തോർദ സ്റ്റേഡിയത്തിൽ കരുത്തരായ ജംഷഡ്പുർ എഫ്.സിയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികൾ. ചൊവ്വാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ.

ഇത് മൂന്നാം തവണയാണ് ബ്ളാസ്റ്റേഴ്സ് സെമിഫൈനലിലെത്തുന്നത്. 2017ൽ ഐ.എസ്.എല്ലിലെത്തിയ ജംഷഡ്പുരിന്റെ ആദ്യ സെമിഫൈനലാണിത്. ആദ്യമായാണ് ജംഷഡ്പുർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നതും. ഈ സീസണിൽ കുറച്ചുനാൾ ബ്ളാസ്റ്റേഴ്സും പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്നു.

പ്രാഥമിക റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവർക്കുള്ള ഷീൽഡും വാങ്ങി സെമിഫൈനലിലേക്ക് ടിക്കറ്റെടുത്തവരാണ് ജംഷഡ്പുരുകാർ.

20 മത്സരങ്ങളിൽ നിന്ന് 13 വിജയമുൾപ്പടെ 43 പോയിന്റാണ് ജംഷഡ്പുർ നേടിയത്. നാലുകളികളിൽ സമനില വഴങ്ങിയപ്പോൾ തോറ്റത് മൂന്നെണ്ണത്തിൽ മാത്രം.

ബ്ളാസ്റ്റേഴ്സ് ആകട്ടെ നാലാം സ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് കടന്നിരിക്കുന്നത്. ഒൻപത് വിജയങ്ങളും ഏഴ് സമനിലകളുമടക്കം 34 പോയിന്റാണ് ബ്ളാസ്റ്റേഴ്സിനുള്ളത്. നാലുകളികളാണ് ബ്ളാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റത്.

ഇൗ സീസണിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ആദ്യ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.രണ്ടാം മത്സരത്തിൽ ജംഷഡ്പുർ 3-0ത്തിന് വിജയം കണ്ടു.

അൽവാരോ വസ്ക്വേസ്, അഡ്രിയാൻ ലൂണ,സഹൽ അബ്ദുൽ സമദ്,ജോർജ് പെരേര ഡയസ് ,ചെഞ്ചോ തുടങ്ങിയവരാണ് ബ്ളാസ്റ്റേഴ്സിന്റെ കുന്തമുനകൾ. മലയാളിയായ ടി.പി രഹ്നേഷാണ് ജംഷഡ്പുരിന്റെവലകാക്കുന്നത്. സെമിയെൻ ലെൻ,ഗ്രെഗ് ,ഡാനിയേൽ,പീറ്റർ,എലി സാബിയ,പ്രൊണോയ് തുടങ്ങിയവർ ജംഷഡ്പുർ നിരയിലുണ്ട്

10

മത്സരങ്ങളിലാണ് ഇതുവരെ ജംഷഡ്പുരും ബ്ളാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ മൂന്ന് തവണ ജംഷഡ്പുരിന് ജയിക്കാനായി. ബ്ളാസ്റ്റേഴ്സിന് ജയിക്കാൻ കഴിഞ്ഞത് ഒരു മത്സരത്തിൽ മാത്രം. ആറു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

16-12

ബ്ളാസ്റ്റേഴ്സിന് എതിരെ ജംഷഡ്പുർ 16 ഗോളുകൾ നേടിയിട്ടുണ്ട്. ബ്ളാസ്റ്റേഴ്സ് പന്ത്രണ്ടെണ്ണം തിരിച്ചടിച്ചു.

2016ലാണ് ഇതിന്മുമ്പ് ബ്ളാസ്റ്റേഴ്സ് സെമിയിൽ കളിച്ചത്. അന്ന് സെമിയിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ച് ഫൈനലിലെത്തിയെങ്കിലും അവിടെ എ.ടികെയോട് ഷൂട്ടൗട്ടിൽ തോറ്റു. 2014ലെ ആദ്യ സീസൺഫൈനലിലും എ.ടി.കെയാണ് ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നത്.

ബ്ളാസ്റ്റേഴ്സിന്റെ കരുത്ത് പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ ഈ സീസണിൽ ചരിത്രത്തിലെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ലീഗിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയതും, കൂടുതൽ ഗോളടിച്ചതും, തോൽവിയറിയാതെ കൂടുതൽ മത്സരങ്ങൾ (10) പിന്നിട്ടതുമെല്ലാം ഈ സീസണിലാണ്.

സെർബിയക്കാരനായ വുകോമാനോവിച്ച് 4-4-2 എന്ന ഫോർമേഷനിലാണ് ടീമിനെ വിന്യസിക്കുന്നത്.ആദ്യം ജെസൽ കാർനെയ്റോയും പിന്നീട് അഡ്രിയൻ ലൂണയുമാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡിലെ 29 കളിക്കാരിൽ 26 പേരെയും കോച്ച് ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു. ലീഗിനിടെയുണ്ടായ കൊവിഡ് ബാധയാണ് ഒന്നാം സ്ഥാനത്തുനിന്ന് ബ്ളാസ്റ്റേഴ്സ് താഴേക്കിറങ്ങാൻ കാരണമായത്. ജംഷഡ്പുരിനെ ഈ സീസണിൽ തോൽപ്പിക്കാനായിട്ടില്ല എന്നതിൽ പേടിയൊന്നുമില്ല. അവർ വലിയ ടീമാണ്. പക്ഷേ നാളെ പുതിയൊരു ദിവസമാണ്. തന്ത്രപരമെന്നതിനേക്കാൾ കൂടുതൽ ശാരീരികമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. - ഇവാൻ വുകോമനോവിച്ച് കേരള ബ്ളാസ്റ്റേഴ്സ് കോച്ച് 7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ തത്സമയം.