
തിരുവനന്തപുരം: കല്ലമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാരിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരാൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ബിൽ വിവരങ്ങൾ തിരക്കിയ സഹപ്രവർത്തകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലഭിച്ച ബില്ലിൽ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയമായ ഉദ്യോഗസ്ഥന്റെ ബില്ലിൽ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട് എന്ന വാർത്ത ആശുപത്രി അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ സഹപ്രവർത്തകനായ ജ്യോതിഷ് ആർ കെ എന്ന വ്യക്തി തന്റെ ഫേസ്ബുക്കിൽ വിവരങ്ങൾ കുറിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നത്.
ഡോ മദൻമോഹൻ എന്ന സർജൻ ആണ് ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്നും നാടിന്റെ സുരക്ഷയ്ക്കായി പ്രവർത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ ഒരു പൊലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹത്തിന് വേണ്ട എന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നെന്നും അറിയാൻ സാധിച്ചതായി ജ്യോതിഷ് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ചില സന്ദർഭങ്ങളാണ് ചില നന്മകളെ കാണിച്ചു തരുന്നത് .
ഇന്നലെയാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുദ്യോഗസ്ഥരെ നിരവധി ക്രിമിനൽ കേസിലെ പ്രതി കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അതിൽ മൂന്ന് പൊലീസുദ്യോഗസ്ഥരെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചത് .അതിൽ ഒരാളുടെ മുറിവിന്റെ ആഴം വളരെ കൂടുതലായതുകൊണ്ട് അദ്ദേഹത്തെ സർജറി ചെയ്യേണ്ടി വന്നിരുന്നു .ഇന്ന് അവരുടെ ചികിത്സ ചെലവുകളും, അതിന്റെ ബിൽ വിവരങ്ങളും അന്വേഷിച്ചതിൽ സർജറിയ്ക്ക് വിധേയമായ ഉദ്യോഗസ്ഥന്റെ ബില്ലിൽ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട് എന്ന് അറിയിച്ചു .ആരാണ് ആ ഡോക്ടർ എന്നും ,എന്ത് കൊണ്ടാണ് അദ്ദേഹം ആ ഫീസ് ഒഴിവാക്കാനുള്ള കാരണമെന്നും തിരക്കി. അദ്ദേഹത്തിന്റെ പേര് ഡോ:മദൻമോഹൻ എന്നാണെന്നും,നാടിൻറെ സുരക്ഷയ്ക്കായി പ്രവർത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ ഒരു പൊലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹത്തിന് വേണ്ട എന്നും അറിയുകയുണ്ടായി .ഇതെഴുതുന്ന നിമിഷം വരെയും അദ്ദേഹത്തിനെ നേരിൽ കാണാനോ,സംസാരിക്കാനോ കഴിഞ്ഞിട്ടില്ല .ഒരു സർജന്റെ തിരക്കുകൾ നമ്മളും മനസ്സിലാക്കണമല്ലോ .നാളെ എന്തായാലും കാണാനുള്ള ശ്രമം തുടരും .
ഡോ : മദൻ മോഹൻ സാർ താങ്കളുടെ പോലുള്ളവരുടെ മികച്ച സേവനം മാത്രമാണ് ആതുരാലയങ്ങളിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത് .ആരും ആവശ്യപ്പെടാതെ,മറ്റു നിർദ്ദേശങ്ങളില്ലാതെ
അവിടെ അത് താങ്കൾ പ്രതിഫലരഹിതമായി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ താങ്കൾ കേരളത്തിലെ പോലീസിനെ ഹൃദയത്തോട് ചേർത്ത് നിറുത്തുകയാണ്,ഞങ്ങളുടെ സേവനങ്ങളെ മാനിക്കുകയാണ് .
താങ്കളുടെ ഹൃദയവിശാലതയ്ക്ക് നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു, ഈ നന്മ ഒരിക്കലും മറക്കാതെ ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും തീർച്ച .