
ലണ്ടൻ : യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ കോടീശ്വരനായ റോമാൻ അബ്രാമോവിച്ചിനെതിരെ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. പ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ ചെൽസിയുടെ ഉടമയാണ് റോമാൻ. ഇതോടെ ഇനി അദ്ദേഹത്തിന് ബ്രിട്ടണിൽ പോകാൻ സാധിക്കില്ലെന്ന് മാത്രമല്ല, നിലവിൽ അദ്ദേഹത്തിന് അവിടെയുള്ള എല്ലാ വസ്തുവകകളും ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്.അതേ സമയം ഉപരോധം പ്രഖ്യാപിച്ചെങ്കിലും ചെൽസി ക്ലബ്ബ് വിൽക്കാനുള്ള നടപടികൾക്കായി അബ്രാമോവിച്ചിന് പ്രത്യേക അനുമതി നൽകുമെന്നും ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.എന്നാൽ വിൽപ്പനയിൽ നിന്നും തനിക്ക് യാതൊരു ഗുണഫലവും ലഭിക്കില്ലെന്ന ഉറപ്പ് ബ്രിട്ടണ് നൽകണമെന്ന ഉപാധി മുന്നോട്ട് വച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്നതിലൂടെ ക്ലബിലെ താരങ്ങളുടെ പ്രതിഫലത്തുകയടക്കമുള്ള മറ്റ് ചിലവുകൾ എല്ലാം കൊടുത്തുതീർക്കാൻ സാധിക്കും. റഷ്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഉറ്റ അനുയായികളും റഷ്യൻ കോടീശ്വരന്മാരുമായ ഇഗർ സെച്ചിൻ, ഒലേഗ് ഡെറിപ്സ്‌ക എന്നിവരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.