vellappally

ചേർത്തല: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് രാജ്യത്തിന്റെ വളർച്ചയ്ക്ക് തിരിച്ചടിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജതജൂബലിയുടെ ഭാഗമായി ചേർത്തല യൂണിയനിൽ നടപ്പാക്കുന്ന ഗുരുധനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽത്തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം. വിദ്യാർത്ഥികൾ പഠനത്തിന് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ സമ്പത്തും ശേഷിയും നഷ്ടമാക്കും. കേരളത്തിൽ പുത്തൻ തൊഴിൽ സംസ്‌കാരമുണ്ടാകണം. അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ തൊഴിൽമേഖല കൈയടക്കിയിരിക്കുകയാണ്. ഇവരുടെ മറവിൽ നുഴഞ്ഞുകയറുന്ന ക്രിമിനലുകൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തെ തകർക്കാമെന്നുള്ള ചിലരുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. സമുദായ അംഗങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ ശ്രമിക്കുന്ന കുറുക്കന്മാർ നിരാശപ്പെടും. ഒരു ശക്തിക്കും യോഗത്തെ തകർക്കാനാകില്ല. സമുദായത്തിനും സംഘടനയ്ക്കും വേണ്ടി ഒന്നും ചെയ്യാതെ വ്യവഹാരങ്ങളുമായി നടക്കുന്ന കുലംകുത്തികളെ നിലയ്ക്കുനിർത്താനുള്ള ശേഷി നേതൃത്വത്തിനുണ്ട്. 32 ലക്ഷം വരുന്ന യോഗം അംഗങ്ങളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം സമുദായത്തെ നന്നാക്കാനല്ല, നശിപ്പിക്കാനും ഭിന്നിപ്പു സൃഷ്ടിക്കാനുമാണ്. ഗുരു അരക്കിട്ടുറപ്പിച്ച പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോഫിനാൻസ് അംഗങ്ങൾക്കായുള്ള രണ്ടു കോടി രൂപയുടെ വായ്പാ വിതരണം ജനറൽ സെക്രട്ടറി നിർവഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ പി.ജയകുമാർ പ്രസംഗിച്ചു. യൂണിയൻ മുൻ പ്രസിഡന്റ് കെ.വി.സാബുലാൽ, മുൻ സെക്രട്ടറി വി.എൻ.ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി, വി. ശശികുമാർ, അനിൽ ഇന്ദീവരം എന്നിവർക്കു പുറമെ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം,സൈബർ സേനാ നേതാക്കളും പങ്കെടുത്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ സ്വാഗതവും യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.