
ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അപ്രതീക്ഷിത വിജയം ആഘോഷിക്കവെ, മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ ഭദൗർ മണ്ഡലത്തിൽ 34,000 വോട്ടുകൾക്ക് തറപറ്റിച്ച മൊബൈൽ റിപ്പയർ കടക്കാരനാണ് സോഷ്യൽമീഡിയയിലെ താരം. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ് ലഭ് സിംഗ് ഉഗോക്കെ എന്ന 35കാരന്റെ ജീവിതം.
ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ഛന്നിക്ക് 23,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
2013ലാണ് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഉഗോക്കെ ആം ആദ്മിയിൽ ചേരുന്നത്.
മൊബൈൽ റിപ്പയർ ഷോപ്പാണ് ഏക ഉപജീവനമാർഗം. പിതാവ് ഡ്രൈവറാണ്. അമ്മ ഒരു സർക്കാർ സ്‌കൂളിൽ ശുചീകരണത്തൊഴിലാളിയാണ്. മുഖ്യമന്ത്രിയെ നേരിടാൻ മൊബൈൽ കടക്കാരൻ എന്ന തരത്തിൽ വാർത്തകൾ വന്നതോടെ ഉഗോകെ ശ്രദ്ധേയനായി. മൂർച്ചയുള്ള വാക്കുകൾ ആയുധമാക്കിയതോടെ ജനങ്ങൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങി.
തനിക്ക് കിട്ടുന്ന ദേശീയ മാദ്ധ്യമശ്രദ്ധ കണ്ട് മുഖ്യമന്ത്രി പേടിച്ചിരിക്കുകയാണെന്ന് ഉഗോകെ പറഞ്ഞത് വാർത്തയായിരുന്നു. ഛന്നിയ്ക്ക് ഭദൗറിലെ പത്ത് ഗ്രാമങ്ങളുടെ പേര് പോലും അറിയില്ലെന്നും മാർച്ച് പത്തിന് ശേഷം തന്നോട് ഭദൗറിൽ മത്സരിക്കാൻ പറഞ്ഞയാളെ ഛന്നി തിരഞ്ഞുപിടിച്ച് അടിക്കുമെന്നും' ഉഗോകെ പറഞ്ഞിരുന്നു.
'ദളിത് കുടുംബത്തിൽ നിന്നാണെങ്കിലും ഛന്നി രാജാവിനേപ്പോലെയാണ് ജീവിക്കുന്നത്. തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് ഛന്നി തന്നെ വെളിപ്പെടുത്തിയതും' ഉഗോകെ ചൂണ്ടിക്കാട്ടി. സ്‌കൂളുകളുടെ ശോച്യാവസ്ഥ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത, തകർന്ന റോഡുകൾ തുടങ്ങിയ വിഷയങ്ങളെല്ലാം ഉഗോകെ പ്രചാരണ വിഷയമാക്കി. ഒടുവിൽ വോട്ടർമാർക്കിടയിൽ സം സ്ഥാനത്തെ മുഖ്യമന്ത്രിയേക്കാൾ വിശ്വാ സ്യത നേടിയെടുത്തു. വർഷങ്ങൾക്ക് മുമ്പ് എ.എ.പി പ്രവർത്തകരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ ഉഗോകെ നിൽക്കുന്ന ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാണ്.