gfgfgf

കീവ്: റഷ്യ - യുക്രെയിൻ യുദ്ധത്തെ തുടർന്ന് സംഘർഷ മേഖലകളിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. ഇതിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ചത് പോളണ്ടാണ്. അഭയാർത്ഥികളിൽ 1.2 ദശലക്ഷത്തിലധികം ആളുകൾ പോളണ്ടിലെത്തിയപ്പോൾ 9000 ത്തിലധികം പേർ റഷ്യയിലേക്ക് പോയതായും കണക്കുകൾ സൂചിപ്പിക്കുന്നു. പാലായനം ചെയ്ത രണ്ട് ദശലക്ഷത്തിലധികം ആളുകളിൽ പകുതിയും കുട്ടികളാണെന്നാണ് വിവരം.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണിതെന്ന് യു.എൻ പറഞ്ഞു.അതേ സമയം മാരിയുപോളിലെ ഒരാഴ്ചയിലേറെ നീണ്ട ഉപരോധത്തിൽ ഏകദേശം 1,200 പൗരന്മാർ കൊല്ലപ്പെട്ടതായി യുക്രെയിൻ സർക്കാർ അറിയിച്ചു.ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് റഷ്യ ഒരു താൽക്കാലിക വെടിനിർത്തൽ കരാറിന് തയാറാവണമെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആവശ്യപ്പെട്ടു. അതേ സമയം റഷ്യൻ സൈന്യം പിടിച്ചെടുത്ത ദെർഹാച്ചി ഖാർകിവ് മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രെയിൻ സൈന്യം അവകാശപ്പെട്ടു. റഷ്യൻ സൈന്യം നഗരം വളയാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രത്യാക്രമണങ്ങളിലൂടെ റഷ്യൻ സേനയെ പിന്തിരിപ്പിക്കാനായെന്ന് യുക്രെയിൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭക്ഷ്യക്ഷാമം നേരിടാൻ കരുതൽ ഭക്ഷ്യശേഖരം സൃഷ്ടിക്കും : യുക്രെയിൻ

റഷ്യൻ അധിനിവേശത്തെ തുടർന്ന് സാമ്പത്തികമായി തകർന്ന യുക്രെയ്നിൽ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാൻ കരുതൽ ഭക്ഷ്യശേഖരം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഗൽ അറിയിച്ചു. ധാന്യവും മറ്റ് ഭക്ഷ്യവസ്തുക്കളും സൈനികർക്കും യുക്രെയ്നിലെ ജനങ്ങൾക്കും വേണ്ടി ശേഖരിച്ചു വയ്ക്കുമെന്നും അങ്ങനെ ഭക്ഷ്യക്ഷാമം മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു

ആഗോളതലത്തിൽ തന്നെ ഭക്ഷ്യ ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യമാണ് യുക്രെയിൻ. എന്നാൽ റഷ്യൻ അധിനിവേശം രാജ്യത്തെ കാർഷിക ഉത്പാദനത്തെയും സാരമായി ബാധിച്ചു. ഇത് യുക്രെയ്നിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.