stocks

കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാംദിവസവും മികച്ചനേട്ടം കൊയ്‌തു. സെൻസെക്‌സ് ഇന്നലെ 817 പോയിന്റുയർന്ന് 55,464ലും നിഫ്‌റ്റി 249 പോയിന്റുയർന്ന് 16,594ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 56,242 വരെയും നിഫ്‌റ്റി 16,757 വരെയും മുന്നേറിയിരുന്നു.

റഷ്യ, യുക്രെയിൻ സംഘർഷം അയയുന്നുവെന്ന സൂചനകളാണ് നിക്ഷേപകർക്ക് ഇന്നലെ ആവേശം പകർന്നത്. ക്രൂഡോയിൽ, സ്വർണം വിലകൾ നേരിട്ട തളർച്ചയും നേട്ടമായി. എന്നാൽ, ഉച്ചയ്ക്കുശേഷം ക്രൂഡ്, സ്വർണം വിലകൾ മെച്ചപ്പെട്ടതോടെ മികച്ച നേട്ടത്തിൽ നിന്ന് ഓഹരിസൂചികകൾ അല്പം താഴേക്കിറങ്ങുകയായിരുന്നു. എച്ച്.യു.എൽ., ടാറ്റാ സ്‌റ്റീൽ, ഗ്രാസിം ഇൻഡസ്‌ട്രീസ്, എസ്.ബി.ഐ., ടാറ്റാ കൺസ്യൂമർ പ്രൊഡക്‌ട്‌സ്, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇന്ത്യൻ ഓയിൽ എന്നിവയാണ് ഇന്നലെ സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.

₹10.83 ലക്ഷം കോടി

മൂന്നുദിവസത്തിനിടെ സെൻസെക്‌സിന്റെ നിക്ഷേപമൂല്യത്തിലുണ്ടായ വർദ്ധന 10.83 ലക്ഷം കോടി രൂപയാണ്. 251.93 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്.

രൂപയും മുന്നോട്ട്

ഓഹരികൾ കരകയറിയതിന്റെ കരുത്തിൽ ഡോളറിനെതിരെ രൂപയും മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞദിവസം എക്കാലത്തെയും താഴ്‌ചയായ 76.96ലേക്ക് കൂപ്പുകുത്തിയ രൂപ, ഇന്നലെ 76.32ലേക്ക് മുന്നേറി.