modi

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണെന്നും ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് മുതൽ ജനങ്ങൾക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടർമാരും ബി.ജെ.പിയെ പിന്തുണച്ചു. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതുകൊണ്ട് തന്നെ, വിജയം അവർക്ക് സമർപ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചവർക്കെല്ലാം നന്ദി പറയുന്നു. പ്രവർത്തകർ വാക്ക് പാലിച്ചു. 2019 ൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയപ്പോൾ 2017 ലെ യു.പിയിലെ വിജയമാണിതിന്റെ കാരണമെന്നാണ് വിദഗ്ദ്ധർ പറഞ്ഞിരുന്നത്. ഈ അഭിപ്രായത്തിൽ വിശ്വാസം ഉണ്ട്.

2022ലെ യു.പിയിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഗോവയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിലും വികസനത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താൻ ഒരു കുടുംബത്തിനും എതിരല്ല. എന്നാൽ, കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. 'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്ക് എതിരെ പോരാടുന്നത് ബി.ജെ.പിയാണെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് അന്വേഷണ ഏജൻസികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു.

 യു.പിയിൽ ചരിത്രം

യു.പിയിൽ ബി.ജെ.പി പുതിയ ചരിത്രം കുറിച്ചെന്നും മോദി പറഞ്ഞു. യു.പിയിൽ കാലാവധി പൂർത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണ്. കന്നിവോട്ടർമാരെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തത് നിർണായകമായി. യു.പിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. ഉത്തരാഖണ്ഡിലും ബി.ജെ.പി ചരിത്രം കുറിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി

തുടർ ഭരണത്തിലേറുന്നതെന്നും അദ്ദേഹം പറഞ്ഞു.