petrol

കൊച്ചി: രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞമാസം 5.4 ശതമാനം വർദ്ധിച്ച് 17.57 മില്യൺ ടണ്ണിലെത്തിയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട് വ്യക്തമാക്കി. 2021 ആഗസ്‌റ്റിനുശേഷം ഒരുമാസം കുറിക്കുന്ന ഏറ്റവും ഉയർന്ന ഉപഭോഗ വളർച്ചയാണിത്.

അതേസമയം, ക്രൂഡോയിൽവില 14 വർഷത്തെ ഉയരത്തിലെത്തിയതിന്റെ ചുവടുപിടിച്ച് വരുംദിനങ്ങളിൽ പെട്രോൾ, ഡീസൽ ഉയരുമെന്നതിനാൽ അടുത്തമാസങ്ങളിൽ ഉപഭോഗം കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

കഴിഞ്ഞമാസത്തെ ഉപഭോഗ വളർച്ച 2019 ഫെബ്രുവരിയേക്കാൾ 0.8 ശതമാനം അധികമാണ്. രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് കടന്ന 2020 മാർച്ചിന് തൊട്ടുമുമ്പ്, 2020 ഫെബ്രുവരിയിലെ 18.11 മില്യൺ ടണ്ണിനേക്കാൾ മൂന്നുശതമാനം കുറവുമാണിത്. കഴിഞ്ഞമാസം എൽ.പി.ജി ഉപഭോഗം 6.1 ശതമാനം മെച്ചപ്പെട്ട് 2.40 മില്യൺ ടണ്ണായി. പെട്രോൾ വില്പന 3.2 ശതമാനം ഉയർന്ന് 2.55 മില്യൺ ടണ്ണായി. ഡീസൽ വില്പന കഴിഞ്ഞമാസം 0.9 ശതമാനം കുറഞ്ഞു. എന്നാൽ, ജനുവരിയെ അപേക്ഷിച്ച് ഡീസൽ വില്പന 2.2 ശതമാനം വർദ്ധിച്ചു.