
അമൃത്സർ: മുഖ്യധാരാ പാർട്ടികളുടെ രണ്ട് പ്രമുഖ നേതാക്കളെ ദയനീയമായി പരാജയപ്പെടുത്തി അഭിമാനതാരമായിരിക്കുകയാണ് അമൃത്സർ ഈസ്റ്റിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും സ്ത്രീകളുടെ പ്രിയപ്പെട്ട പാഡ് വുമണുമായ ജീവൻ ജ്യോത് കൗർ. കോൺഗ്രസിന്റെ നവജ്യോത് സിംഗ് സിദ്ദുവിനെയും ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജീതിയയെയുമാണ് കൗർ പരാജയപ്പെടുത്തിയത്. ആം ആദ്മിയുടെ അമൃത്സർ ജില്ലാ പ്രസിഡന്റ് മാത്രമല്ല കൗർ.
സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന അമൃത്സറിന്റെ സ്വന്തം പാഡ് വുമണാണ് കൗർ. സാനിറ്ററി പാഡുകളുടെ അവബോധവും പുനരുപയോഗിക്കാവുന്ന പാഡുകളുടെ വിതരണവും ചെയ്യുന്ന ഷീ സൊസൈറ്റിയുടെ ചെയർപേഴ്സണാണ് അവർ. സ്ത്രീകൾക്ക് പുനരുപയോഗിക്കാവുന്ന പാഡുകൾ ലഭ്യമാകുന്നതിനായി സ്വിസ്റ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി വരെ കൗർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് സിദ്ദുവും മജീതിയയും വ്യക്തിപ്രഭാവവും അധികാര സ്വാധീനവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പ്രദേശത്തെ അധഃസ്ഥിതരുടെ ശബ്ദമായി മാറാനാണ് കൗർ ശ്രമിച്ചത്. അമൃത്സറിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ പ്രാധാന്യം, ശുചിത്വം, ചേരികളിലെ മോശമായ സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചാണ് കൗർ പ്രചാരണങ്ങളിൽ സംസാരിച്ചത്. സാധാരണക്കാരുടെ സ്വന്തം രാഷ്ട്രീയക്കാരിയായാണ് കൗർ സ്വയം അവതരിപ്പിച്ചത്. സിദ്ദുവിന് കൂടുതൽ വെല്ലുവിളിയുയർത്തുന്നത് കൗർ ആണെന്ന് മാദ്ധ്യമങ്ങൾ വിലയിരുത്തിയിരുന്നു.