
ലക്‌നൗ: യു.പി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ ജനങ്ങളോടും ബി.ജെ.പി പ്രവർത്തകരോടും പാർട്ടി നേതൃത്വത്തോടും നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രവിജയത്തിന് ജനങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് തെളിവാണ് ഈ ഗംഭീര ഭൂരിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവർക്ക് അദ്ദേഹം ട്വീറ്റിലൂടെ നന്ദിയും പറഞ്ഞു.ഒപ്പം തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച ബി.ജെ.പി പ്രവർത്തകരോടും യോഗി നന്ദി പറഞ്ഞു.ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനായി അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച കഠിനാധ്വാനികളും പോരാട്ടവീര്യവുമുള്ള പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നേർന്നു.