
ലണ്ടൻ: പ്രീമിയർ ലീഗ് ക്‌ളബ് ചെൽസി എഫ് സിയുടെ ഭാവി തുലാസിൽ. റഷ്യൻ സമ്പന്നനും ക്‌ളബ് ഉടമയുമായ റോമൻ അബ്രാമോവിച്ചിനെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ക്‌ളബിന്റെ തുടർന്നുള്ള ഭാവിയും സംശയത്തിലായത്. ഇന്നാണ് അബ്രാമോവിച്ചിനെതിരെ ബ്രിട്ടീഷ് അധികൃതർ നടപടികൾ കടുപ്പിച്ചത്. ടീമിനെ തുടർന്നും ലീഗിൽ കളിക്കാൻ അനുവദിക്കുമെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കിയെങ്കിലും ടീമിന്റെ മുന്നോട്ടുള്ള ഭാവിയിൽ ഈ ഉപരോധം വരുത്തിവച്ചേക്കാവുന്ന ദൂഷ്യഫലങ്ങൾ അനേകമാണ്.
തനിക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്ന അബ്രാമോവിച്ച് ചെൽസി ഉൾപ്പെടെയുള്ള ബ്രിട്ടനിലെ തന്റെ സകല സ്വത്തുക്കളും വിൽക്കാൻ ശ്രമിച്ചിരുന്നു. മൂന്ന് ബില്ല്യൺ യൂറോ ആയിരുന്നു അബ്രാമോവിച്ച് ചെൽസിക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്ര വലിയ തുക കൊടുത്ത് ക്ളബ് സ്വന്തമാക്കാൻ ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ വില്പന നടന്നില്ല. ചെൽസിക്കൊപ്പം ബ്രിട്ടനിലെ തന്റെ മൂന്ന് വില്ലകളും വിൽക്കാൻ അബ്രാമോവിച്ച് ശ്രമിച്ചിരുന്നു.
ചെൽസിയെ തുടർന്നും കളിക്കാൻ അനുവദിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കുമ്പോഴും ഉപരോധത്തെ തുടർന്ന് ബ്രിട്ടനിൽ പണം ചെലവഴിക്കാൻ വിലക്കുള്ള അബ്രാമോവിച്ച് എങ്ങനെ ക്ളബ് നടത്തുമെന്നത് ചോദ്യമാണ്. പ്രത്യേകിച്ച് മുൻ നിര ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും പിടിച്ചുനിൽക്കണമെങ്കിൽ വൻ തുക കൊടുത്ത് കളിക്കാരെ സ്വന്തമാക്കേണ്ടി വരുമെന്നിരിക്കെ. അടുത്ത ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുന്നതിന് മുമ്പെങ്കിലും പുതിയൊരു ഉടമയെ കണ്ടെത്താൻ ക്ളബ് അധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ അടുത്ത സീസണിൽ ചെൽസി പൊയിന്റ് പട്ടികയിൽ പിന്നിലേക്ക് പോകുമെന്നത് ഉറപ്പാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ചെൽസി.