
സിഡ്നി: മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ തനിക്ക് അയച്ച മെസേജിന്റെ ഉള്ളടക്കം വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും വോണിന്റെ ടീമംഗവുമായ ആദം ഗിൽക്രിസ്റ്റ്. വോൺ മരിക്കുന്നതിന് ഏകദേസം എട്ട് മണിക്കൂർ മുമ്പ് മാത്രമാണ് തനിക്ക് ആ സന്ദേശം ലഭിച്ചതെന്നും ഇനി ഒരിക്കലും താൻ ആ മെസേജ് ഡീലീറ്റ് ചെയ്യുകയില്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
വോൺ മരിക്കുന്നതിന്റെ തലേന്ന് മരണമടഞ്ഞ മറ്റൊരു ഓസ്ട്രേലിയൻ ഇതിഹാസം റോഡ് മാർഷിന് വേണ്ടി ഗിൽക്രിസ്റ്റ് എഴുതിയ അനുശോചന കുറിപ്പിനെ പ്രശംസിച്ചായിരുന്നു വോണിന്റെ മെസേജ്. 'മനോഹരമായ അനുസ്മരണം ചർച്ച്, നന്നായിരിക്കുന്നു' എന്നായിരുന്നു വേണിന്റെ മെസേജ്. തന്നെ വോൺ പണ്ടുമുതലേ 'ചർച്ച്' എന്നായിരുന്നു വിളിച്ചിരുന്നതെന്ന് ഗിൽക്രിസ്റ്റ് എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ന് വോണിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മെൽബണിൽ എത്തിച്ചു. തായ്‌ലാൻഡിൽ നിന്ന് എട്ട് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ചാർട്ടേഡ് വിമാനത്തിലാണ് മൃതശരീരം എത്തിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വോണിന്റെ മൃതദേഹം അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. തുടർന്ന് മാർച്ച് 30ന് ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന മെൽബണ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ആരാധകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അനുസ്മരണ ചടങ്ങുകളും നടക്കും.