wheat

കൊച്ചി: റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നടപ്പു സാമ്പത്തിക വർഷം എക്കാലത്തെയും ഉയരമായ 10 മില്യൺ ടണ്ണിലെത്തുമെന്ന് അമേരിക്കയുടെ കാർഷിക വകുപ്പിന്റെ (യു.എസ്.ഡി.എ) റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം കയറ്റുമതി 3.58 മില്യൺ ടണ്ണായിരുന്നു.

അരി കയറ്റുമതി 21.19 മില്യൺ ടണ്ണിൽ നിന്ന് 20.5 മില്യൺ ടണ്ണിലേക്കും ചോളം കയറ്റുമതി 3.67 മില്യൺ ടണ്ണിൽ നിന്ന് 2.8 മില്യൺ ടണ്ണിലേക്കും കുറയുമെന്നും യു.എസ്.ഡി.എയുടെ ഫോറിൻ അഗ്രികൾച്ചറൽ സർവീസ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. റഷ്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് യുദ്ധപശ്ചാത്തലത്തിൽ തിരിച്ചടിയുണ്ടായതാണ് ഇന്ത്യൻ ഗോതമ്പിന് പ്രിയമേറാൻ കാരണം.

ഗൾഫ് രാജ്യങ്ങളും ബംഗ്ളാദേശുമാണ് ഇന്ത്യൻ ഗോതമ്പിന്റെ പ്രധാന വിപണികൾ. ഇതിനുപുറമേ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ ഗോതമ്പിന് വിപണി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. 2021 ജൂലായ് - 2022 ജനുവരി കാലയളവിൽ 5.2 മില്യൺ ടൺ ഗോതമ്പാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്‌തത്.

നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി വരുമാനം 35.8 കോടി ഡോളറിൽ നിന്നുയർന്ന് 174 കോടി ഡോളറിലെത്തിയിരുന്നു; 387 ശതമാനമാണ് വർദ്ധന. നിലവിൽ 350 ഡോളറാണ് ഇന്ത്യൻ ഗോതമ്പിന് ടണ്ണിന് വില. അമേരിക്ക, അർജന്റീന, യൂറോപ്പ് ഗോതമ്പുകൾക്ക് വില 425 ഡോളറാണ്. ആകർഷക വിലയാണെന്നതും ഇന്ത്യൻ ഗോതമ്പിന് പ്രിയമേറാൻ കാരണമാണ്.