kk

റിയാദ്: റിയാദിൽ നടന്ന ലോക സൈനികായുധ പ്രദർശനത്തിന് പിന്നാലെ ചൈനയുടെ അത്യാധുനിക യുദ്ധ സാമഗ്രികൾ വാങ്ങാൻ സൗദി അറേബ്യ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. എട്ട് ചൈനീസ് കമ്പനികളാണ് വേൾഡ് ഡിഫൻസ് ഷോയിൽ പങ്കെടുത്തത്. LY-80 ഡിഫൻസ് സിസ്റ്റം, SRS മൾട്ടിപ്പിൾ റോക്കറ്റ് സിസ്റ്റം, JY-27A ആന്റി വാർ വാർണിം​ഗ് റഡാർ, Y-9E ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ഇലക്ട്രോണിക് വാർ ഫെയർ സിസ്റ്റം, വിംഗ് ലൂംഗ്-2, CH-5, WJ-700 ഡ്രോണുകൾ, ചൈനയുടെ FC-31 യുദ്ധ വിമാനങ്ങൾ തുടങ്ങി അത്യാധുനിക പടക്കോപ്പുകളാണ് ചൈന റിയാദിലെ ഷോയിൽ പ്രദർശനത്തിനെത്തിച്ചത്

സൗദി കിരീടാവകാശി, യെമൻ പ്രധാനമന്ത്രി, ഇറാഖിന്റെ പ്രതിരോധ മന്ത്രി തുടങ്ങി പരിപാടിയിൽ പങ്കെടുത്ത പല പ്രമുഖരും ചൈനയുടെ ആയുധങ്ങളെ നോട്ടമിടുന്നുവെന്ന് ചൈനീസ് ദേശീയ മാദ്ധ്യമമായ ​ഗ്ലോബൽ ടൈംസ് അവകാശപ്പെട്ടു. 2022 മാർച്ച് ആറ് മുതൽ 9 വരെയാണ് റിയാദിൽ ഷോ നടന്നത്. 45 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 600 ലധികം കമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷങ്ങളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചൈന വൻ തോതിൽ ആയുധങ്ങൾ വിൽക്കുന്നുണ്ട്. 2016 നും 2020 നും ഇടയിൽ സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമുള്ള ആയുധ വില്പന വൻ തോതിൽ ചൈന വർദ്ധിപ്പിച്ചിരുന്നു,​ അടുത്തിടെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ചെെനയുടെ പന്ത്രണ്ട് L15 ലൈറ്റ് കോംബാറ്റ് ട്രെയിനിംഗ് എയർക്രാഫ്റ്റുകൾ വാങ്ങാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു