
വാഷിംഗ്ടൺ: യുക്രെയിൻ - റഷ്യ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ റഷ്യ രാസായുധവും ജൈവായുധവും പ്രയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി യു.എസ്. യുക്രെയിൻ പരീക്ഷണശാലകളിൽ യു.എസിന്റെ സഹായത്തോടെ നിരോധിത രാസജൈവായുധങ്ങൾ നിർമിക്കുകയാണെന്ന് റഷ്യൻ വാദം അസംബന്ധമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അമേരിക്കയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിന് , യുക്രെയ്നിൽ രാസായുധപ്രയോഗത്തിന് റഷ്യ തയാറെടുക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും സാകി മുന്നറിയിപ്പ് നൽകി. പുട്ടിന്റെ എതിരാളിയും റഷ്യൻ പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിക്കെതിരെയുള്ള വധശ്രമത്തിന്റെ ഭാഗമായി രാസായുധം പ്രയോഗിച്ച റഷ്യ ഇതേ നിലപാട് യുക്രെയിനെതിരെയും സ്വീകരിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും സാകി കൂട്ടിച്ചേർത്തു.