
കീവ്: യുക്രെയിനിൽ നടക്കുന്നത് കൂട്ടക്കൊലയാണെന്നും സമാധാനമായി ജീവിച്ചിരുന്ന യുക്രെയിൻ ജനത ഇന്ന് വെടിയൊച്ചകളുടെയും ബോംബുകളുടെയും നടുവിലാണ് ഉറക്കം എഴുന്നേൽക്കുന്നതെന്നും യുക്രെയിനിന്റെ പ്രഥമ വനിത ഒലേന സെലൻസ്ക. തന്റെ ഇൻസ്റ്റാഗ്രാമിൽ ലോക മാദ്ധ്യമങ്ങൾക്കുള്ള കുറിപ്പ് എന്ന ആമുഖത്തോടെ പങ്കുവച്ച കുറിപ്പിലാണ് ഒലേന തന്റെ രാജ്യത്തെ നിലവിലെ അവസ്ഥ വിവരിക്കുന്നത്.
യുക്രെയിനിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആർക്കും വിശ്വസിക്കാൻ പോലും സാധിക്കാത്തവയാണെന്നും കുഞ്ഞ് കുട്ടികൾ വരെ യുക്രെയിനിലെ തെരുവുകളിൽ മരിച്ച് വീഴുകയാണെന്നും ഒലേന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സ്പെഷ്യൻ ഓപ്പറേഷൻ എന്ന മറവിൽ യുക്രെയിനിൽ പൊതുജനങ്ങളെ തെരുവിൽ കൂട്ടക്കൊല ചെയ്യുന്ന അവസ്ഥയാണെന്നും ഇതിനെതിരെ മറ്റ് രാഷ്ട്രങ്ങൾ എത്രനാൾ കണ്ണടയ്ക്കുമെന്നും ഒലേന ചോദിക്കുന്നു. സാധാരണ ജനങ്ങളെ ഉപദ്രവിക്കില്ലെന്ന് റഷ്യ അവകാശപ്പെടുമ്പോഴും റഷ്യൻ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ കണക്ക് തന്റെ പക്കലുണ്ടെന്നും ഒലേന അവകാശപ്പെടുന്നു.
എട്ടു വയസുകാരിയായ ആലീസ് ഒഖ്തിർക്കയിലെ തെരുവുകളിൽ അവളുടെ മുത്തച്ഛന്റെ കൺമുമ്പിൽ മരിച്ചെങ്കിൽ കീവിൽ നിന്നുള്ള പൊളീന തന്റെ മാതാപിതാക്കൾക്കൊപ്പം റഷ്യയുടെ ഷെൽ ആക്രമണത്തിൽ മരണമടഞ്ഞെന്ന് ഒലേന കുറിച്ചു. റഷ്യൻ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ 14കാരനായ ആർസനേയ് ആംബുലൻസിന് സമയത്ത് എത്താൻ സാധിക്കാത്തതിനാൽ മരണമടയുകയായിരുന്നെന്ന് ഒലേന ഇൻസ്റ്റയിൽ കുറിച്ചു.