kk

കൊച്ചി : കൊച്ചിയിൽ ഒന്നരവയസുകാരി നോറ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ജോൺ ബിനോയ് കുഞ്ഞിന്റെ മുത്തശ്ശി സിപ്‌സിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി വിവരം. ജോൺ ബിനോയുടെ വളർത്തച്ഛൻ സ്റ്റാൻലി ഡിക്രൂസും വളർത്തമ്മ അൽതാസ്യ ഡിക്രൂസുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും വിവാഹം കഴിക്കാൻ രജിസ്ട്രാർ ഓഫീസിൽ നോട്ടിസിട്ടിരുന്നു ഇക്കാര്യം അയൽവാസികളിൽ നിന്നറിഞ്ഞ സ്റ്റാൻലിയും അൽതാസ്യയും രജിസ്ട്രാർ ഓഫീസിൽ പോയി പണമടച്ച് നോട്ടീസ് റദ്ദാക്കുകയായിരുന്നു.

കൊവിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം സിപ്സിയും ബിനോയും വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും ഇവർ പറ‍യുന്നു. രാത്രി എട്ടു മണിയാകുമ്പോൾ പുറത്തു പോകും. രാവിലെ നാലു മണിക്കൊക്കെ കയറി വരും. എവിടെ പോയെന്നു ചോദിച്ചാൽ ഇടപ്പള്ളിയിലെ ആശുപത്രിയിൽ പി.ആർ.ഒ ആണെന്നും രാത്രി ജോലിയാണെന്നുമാണ് പറഞ്ഞിരുന്നതെന്നും സ്റ്റാൻലിയും അൽതാസ്യയും പറയുന്നു. പിന്നെ പൊലീസ് പറഞ്ഞാണ് അറിയുന്നത് അവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന് മനസിലായത്. ഇക്കാര്യത്തിൽ ബിനോയ്യ്ക്കും എതിർപ്പില്ലായിരുന്നു. വീട്ടിൽ താമസിക്കുമ്പോൾ രണ്ടു പേരും തമ്മിൽ എന്നും വഴക്കാണ്. അടി കൂടി ഒരാൾക്കെങ്കിലും പരുക്കു പറ്റും. അവൾ പൊലീസിൽ പരാതി പറയും. .മൂന്നു മാസത്തിനുശേഷം വീട്ടിൽനിന്നു പോകാതായപ്പോൾ പൊലീസ് ഇടപെട്ടാണ് ഇറക്കി വിട്ടതെന്നും ഇവർ വ്യക്തമാക്കി.

കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്സിയുമായി അകന്നതെന്നാണു കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിട്ടുള്ളത്.തന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാൽതന്നെ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവർക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു.