
തൃശൂർ: കുടുംബ സമേതം കഞ്ചാവ് കടത്തിയ നാലുപേർ പിടിയിൽ. തൃശൂർ ചാലക്കുടിയിൽ നിന്നാണ് 75 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരെയാണ് തൃശൂര്‍ എക്സൈസ് ഇന്റലിജൻസ് സംഘം അറസ്റ്റുചെയ്ത്.
ടാക്‌സി കാര്‍ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്. കോയമ്പത്തൂരിൽ നിന്ന് ടാക്സി വിളിച്ച ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. വളരെ മാന്യമായ രീതിയിലായിരുന്നു പെരുമാറ്റം എന്നതിയാൽ ഡ്രൈവർക്ക് ഒരു സംശയവും തോന്നിയില്ല. എന്നാൽ ഇവർ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ദേശീയപാതയില്‍ അര്‍ദ്ധരാത്രി മുതൽ പരിശോധന ആരംഭിച്ചിരുന്നു. കാത്തുനിന്ന് എക്സൈസ് സംഘം പുലർച്ച ഒന്നരയോടെ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് കാർ തടഞ്ഞു. പുറത്തിറങ്ങിയ പുരുഷന്മാർ തങ്ങൾ വിമാനത്താളവത്തിൽ പോവുകയാണെന്നും കുടുംബ സമേതമാണെന്നും അറിയിച്ചു. ഇതോടെ തെറ്റായ വിവരമാണോ തങ്ങൾക്ക് കിട്ടിയതെന്ന് എക്സൈസ് സംഘത്തിനും സംശയമായി. പിന്നീട് കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
ട്രാവല്‍ ബാഗുകൾക്കുള്ളിൽ ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിന് രണ്ട് കോടിക്കു മേല്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് കൊണ്ടുവന്നത് എന്നാണ് പിടിയിലായവർ പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു. ഇത്രയും കഞ്ചാവ് വാങ്ങാൻ പ്രതികൾക്ക് പണം എങ്ങനെ ലഭിച്ചു എന്നതും അന്വേഷിക്കും.