
തിരുവനന്തപുരം: ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്.
മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയിൽ കുപ്രസിദ്ധ ഗുണ്ടയായ കുട്ടനോടൊപ്പം മദ്യപിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടർന്നാണ് നടപടി എടുത്തത്. മദ്യപാന ചിത്രങ്ങൾ ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് ഡിഐജി നിശാന്തിനി അന്വേഷണമാരംഭിച്ചു. പൊലീസുകാരന് ഗുണ്ടാബന്ധം സ്ഥിരീകരിച്ചതോടെയാണ് നടപടി സ്വീകരിച്ചത്.
മെമെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ കുട്ടൻ ഇപ്പോൾ റിമാൻഡിലാണ്. പൊലീസുകാരൻ മദ്യപിച്ച് അതേമുറിയിൽ വച്ച് കുട്ടനും ദീപുവുമായുണ്ടായ തർക്കമാണ് കാെലപാതകത്തിന് കാരണമായത്. തലയ്ക്കടിയേറ്റാണ് മരിച്ചത്.
പോത്തൻകോട് സ്റ്റേഷനിലെ ചില പൊലീസുകാർക്ക് ഗുണ്ടകളുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് നേരത്തേ ആരോപണമുയർന്നിട്ടുണ്ട്. പലപ്പോഴും ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസുകാർക്കുള്ളതെന്നും ആക്ഷേപമുണ്ട്. കോളിളക്കം സൃഷ്ടിച്ച പോത്തൻകോട് സുധീഷ് വധക്കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ ഗുരുതര വീഴ്ചകളാണുള്ളത്. പ്രതികള്‍ കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള നിര്‍ണായക രേഖ കുറ്റപത്രത്തോടൊപ്പമില്ല. കൊലചെയ്യാന്‍ പ്രതികളെത്തിയ വാഹനങ്ങളെപ്പറ്റിയുള്ള ആധികാരിക രേഖകള്‍ ഹാജരാക്കുന്നതിലും പൊലീസ് പരാജയപ്പെട്ടു. ഇത് പൊലീസിന് വേണ്ടപ്പെട്ട ഗുണ്ടകളെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് ആരോപണമുയർന്നുകഴിഞ്ഞു.