budget

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉൽപ്പാദന മേഖലയ്ക്ക് ഗുണകരമായ രീതിയിൽ പ്രയോചനപ്പെടുത്തും. ഇതിനായി ട്രാൻസ്‌ലേഷൻ ലാബുകൾ കൂടുതൽ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കും.

1. കേരളത്തിലെ സർവകലാശാലകളിൽ ട്രാൻസ്‌ലേഷൻ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും. ഇതിനോട് ചേർന്ന് സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററുകളും സ്ഥാപിക്കും. ഇതിനായി കേരള, കാലിക്കറ്റ്,എം ജി, വെറ്റിനറി, അഗ്രിക്കൾച്ചർ തുടങ്ങിയ സർവകലാശാലകളിൽ 20 കോടി വീതം ആകെ 200കോടി അനുവദിക്കും.

2. സ‌ർവകലാശാലകളിൽ പുതിയ ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കും. അതിനായുള്ള പ്രത്യക പദ്ധതികൾ രൂപീകരിക്കും. നിലവിലുള്ള ഡിപ്പാർട്ട്മെന്റുകളുടെ സഹായത്തോടെയാവും പുതിയ കോഴ്സുകൾ ആരംഭിക്കുക. ഓരോ യൂണിവേഴ്സിറ്റിയിലും മൂന്ന് കോഴ്സുകൾ വീതമാകും. ഇതിനായി 20 കോടി രൂപ അനുവദിക്കും.

3. ചീഫ് മിനിസ്റ്റേഴ്സ് നവകേരള ഫെല്ലോഷിപ്പ് 150 പേർക്കാണ് ഇത്തവണ നൽകുന്നത്. ഇവരുടെ സൃഷ്ടികൾ നവകേരള രൂപീകരണത്തിന് പ്രയോചനപ്പെടുന്നതോടൊപ്പം സർവകലാശാലകളിൽ അക്കാദമിക് ഗവേഷണം മെച്ചപ്പെടുന്നതിനായി പ്രയോചനപ്പെടുത്തും.

4. കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളോടൊപ്പം ഇന്റർനാഷണൽ ഹോസ്റ്റലുകളും ആരംഭിക്കും. കേരള, മഹാത്മാഗാന്ധി, കൊച്ചിൻ തുടങ്ങിയ സർവകലാശാലകളിലായി 1500 പുതിയ ഹോസ്റ്റൽ മുറികൾ സമയബന്ധിതമായി ആരംഭിക്കും. ഇതുകൂടാതെ 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും.

5. സർവകലാശാല ഭരണം, പരീക്ഷാനടത്തിപ്പ്, അക്കാദമിക് പ്രവർത്തനങ്ങൾ തുടങ്ങിയവ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള കമ്മീഷനുകൾ ഇതിനോടകം തന്നെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മീഷനുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും.

6. എൻജിനീയറംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ആർട്സ് ആന്റ് സയൻസ് കോളേജുകൾ എന്നിവയോട് ചേർന്ന് സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ സ്റ്റാർട്ടപ്പുകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉൽപ്പാദനത്തിൽ പങ്കാളികളാകാനും പഠനത്തിൽ കൂടുതൽ പരിശീലനം ലഭിക്കുന്നതിനും സഹായകമാകും. പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടെ ഇതിൽ പങ്കാളികളാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് ആരംഭിക്കും അതിനായി 25കോടി രൂപ വകയിരുത്തും.

7. വിജ്ഞാന സമ്പദ്‌ഘടനയും നൈപുണ്യ വികസനവും നൽകി നോളജ് ഇക്കോണമി മേഖലയിൽ 20ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതിനായി നോളജ് ഇക്കോണമി മിഷൻ ആരംഭിച്ചു. സംസ്ഥാനത്ത് ശക്തമായ സ്കിൽ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റം സ്ഥാപിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കും. ഇതിൽ അ‌ഞ്ചെണ്ണം ഐസിറ്റിയുടെയും അഞ്ചെണ്ണം അസാപ്പ് കമ്പനി ലിമിറ്റഡിന്റെയും ബാക്കിയുള്ലവ കേയ്സിന്റെയും ചുമതലയിലായിരിക്കും. ഇതിനായി 350കോടി അനുവദിക്കും.

8. ഐടിഐകൾ, പോളിടെക്നിക്കുകൾ, ആർട്സ് ആന്റ് സയൻസ് കോളേജുകൾ തുടങ്ങിയവയ്ക്ക് സ്കിൽ കോഴ്സുകൾ ഏറ്റെടുക്കുന്നതിന് സർക്കാർ സഹായം അനുവദിക്കും. ഇതോടൊപ്പം വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കും. ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്ഥാപനം എന്ന നിലയിലാണ് അനുവദിക്കുക.