
ബാഗ്ദാദ് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പുതിയ തലവനായി അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷിയെ നിയമിച്ചു. കഴിഞ്ഞ മാസം സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ മുൻ നേതാവായ അബു ഇബ്രാഹിം അൽ ഹാഷ്‌മി അൽ ഖുറേഷി കൊല്ലപ്പെട്ടതോടെയാണ് പുതിയ തലവനായി അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷിയെ നിയമിച്ചത്.
തുർക്കി അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഇദ്ലിബ് പ്രവിശ്യയിൽ വച്ചാണ് മുൻ ഐസിസ് നേതാവായ അബു ഇബ്രാഹിം അൽ ഹാഷ്‌മി അൽ ഖുറേഷി കൊല്ലപ്പെടുന്നത്. ഇയാൾ ഒളിച്ച് കഴിഞ്ഞിരുന്ന കെട്ടിടം യുഎസ് സെെന്യം വളഞ്ഞതോടെ ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയെ 2019 ഒക്ടോബറിൽ യുഎസ് സൈന്യം വധിച്ചിതിന് പിന്നാലെയാണ് പുതിയ തലവനായി അബു ഇബ്രാഹിം അൽ ഹാഷ്‌മി അൽ ഖുറേഷി എത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റിൻ്റെ വക്താവായ അബു ഒമർ അൽ മുഹാജിർ, ഒരു ശബ്ദ സന്ദേശത്തിലൂടെ മുൻ നേതാവ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതിന് ശേഷമാണ് പുതിയ നേതാവ് നിയമിതനായ വിവരം അറിയിച്ചത്. പുതിയ നേതാവിൻ്റെ യഥാർഥ പേര് ഉൾപ്പെടെയുള്ള ഒരു വിശദാംശങ്ങളും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് നേതാക്കളെ പോലെ അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷിയും ഇറാഖിൽ നിന്നുള്ളതാണോയെന്നതും ഐസിസ് വ്യക്തമാക്കിയിട്ടില്ല. ഇറാഖിലും സിറിയയിലുമായി ഏകദേശം 10,000 ത്തോളം സജീവ ഐസിസ് ഭീകരർ കഴിയുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം പുറത്തിറക്കിയ യുഎൻ റിപ്പോർട്ടിൽ പറയുന്നത്.