agriculture

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുകയാണ്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പൂർണ ബഡ്‌ജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. കാർഷിക രംഗത്തെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.

1. നാളികേര വികസനത്തിന് 73.90 കോടി രൂപ വകയിരുത്തും. ജൂൺ ജൂലൈ കാലയളവിൽ കേര രക്ഷാവാരം ആചരിക്കും.

2. തദ്ദേശീയ ഫലങ്ങൾക്ക് പുറമേ റംബൂട്ടാൻ, ലിച്ചി തുടങ്ങിയ പഴകൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് സംബന്ധിച്ച പദ്ധതിക്കായി 18.92 കോടി രൂപ വകയിരുത്തും.

3. കൃഷിശ്രീ കേന്ദ്രങ്ങൾ എന്ന പേരിൽ കാർഷിക മേഖലയിൽ സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കും. ഇതിനായി 19. 81 കോടി രൂപ വകയിരുത്തും.

4. അവസാന വർഷ വി എച്ച് എസ് സി, അഗ്രികൾച്ചർ ഓർഗാനിക് ഫാമിംഗ് കോഴ്സ് വിദ്യാർത്ഥികൾക്കും കോഴ്സ് പൂർത്തിയാക്കിയവർക്കും 2500 രൂപ പ്രതിമാസ ഇൻസെന്റീവോടുകൂടി ആറ് മാസത്തെ പ്രായോഗിക പരിശീലന പദ്ധതി നടപ്പാക്കുന്നതിനായി 2.8 കോടി രൂപ അനുവദിക്കും.

5. കർഷകർക്കും വിളകൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വിഹിതം 30 കോടിയായി ഉയർത്തും. പ്രകൃതിക്ഷോഭത്തിലും മറ്റും വിളനാശം സംഭവിച്ചാലുള്ള അടിയന്തര സഹായത്തിനായി 7.5 കോടി രൂപ മാറ്റിവയ്ക്കും.

8. രാത്രികാലത്തും അടിയന്തര വെറ്റിനറി സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തുന്നതിനായുള്ള പദ്ധതിക്കായി 9.8 കോടി രൂപ മാറ്റിവയ്ക്കും.

9. ബഹുവിള കൃഷി സമ്പ്രദായത്തിന് പ്രാധാന്യം നൽകുന്ന ഫാം പ്ളാന്റ് എന്ന പദ്ധതി രൂപീകരിക്കും. ഇതിനായി 29 കോടി രൂപ വകയിരുത്തും.

10. വിദ്യാർത്ഥികളെ ഉൾപ്പടെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി നടപടികൾ സ്വീകരിക്കും.

11. സുസ്ഥിര നെൽകൃഷി വികസനത്തിന് ഉത്പാദനോപാധികൾക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കിൽ നൽകുന്നതിനും നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നതിനുമായി 60 കോടി രൂപ വകയിരുത്തും. ഇതുൾപ്പടെ നെൽകൃഷി വികസനത്തിനായി 76 കോടി രൂപ നീക്കിവയ്ക്കും. നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയർത്തും. ഇതിനായി 50 കോടി രൂപ മാറ്റിവയ്ക്കും. കോൾ നിലങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിന്ന് കോൾ മേഖലയെ സംരക്ഷിക്കുന്നതിനും നെല്ലുത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പത്ത് കോടി രൂപ വകയിരുത്തും.

12. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വി എഫ് പി സി കെയ്ക്കുള്ള അടങ്കൽ തുക 14 കോടിയിൽ നിന്ന് 25 കോടി രൂപയായി ഉയർത്തും.

13. കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഇക്കോ ഷോപ്പുകളുടെ ശൃംഖല സ്ഥാപിക്കും.

14. മലയോര മേഖലയിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കോൾഡ് ചെയിൻ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പത്ത് കോടി രൂപ മാറ്റിവയ്ക്കും.

15.തോട്ടം ഭൂനിയമം കാലോചിതമായി പരിഷ്‌കരിക്കും.

16 മൂല്യവർദ്ധിത കാർഷിക മിഷൻ സ്ഥാപിക്കും.

17.പ്ളാന്റേഷൻ മേഖലയിൽ പ്രതിസന്ധി പരിഹരിക്കും. പ്ളാന്റേഷൻ നിർവചനത്തിന്റെ പരിധിയിൽ റബർ, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകൾ കൂടി ഉൾപ്പെടുത്തും. റബർ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും. റബറിന്റെ വിലയും ഉത്പാദനവും വിൽപ്പനയും വർദ്ധിപ്പിക്കും. റബറൈസ്‌ഡ് റോഡുകൾ കൂടുതൽ നിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും കിഫ്‌ബിയും ഏറ്റെടുക്കുന്ന റോഡ് നിർമാണങ്ങളിൽ ടാറിനൊപ്പം റബർ മിശ്രിതങ്ങളും കൂടി ചേർക്കുന്ന പദ്ധതിക്കായി ഈ വർഷം 50 കോടി രൂപ മാറ്റിവയ്ക്കും.

18.കാ‌ർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനായി സ്വയം തൊഴിൽ കാർഷിക ഗ്രൂപ്പുകൾക്ക് 50 ലക്ഷം രൂപ വരെ വായ്‌പ നൽകും. ഇതിൽ 25 ശതമാനമോ പത്ത് ലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്‌സിഡിയായി നൽകാൻ കഴിയുന്ന പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ അനുവദിക്കും.

19.ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്ന പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനും ബെസ്റ്റ് പ്രാക്ടീസസ് ഇൻ അഗ്രികൾച്ചർ മനസിലാക്കുന്നതിനും സംസ്ഥാനത്തെ കർഷകർക്ക് അവസരം നൽകുന്ന പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിക്കും.

20 .കാർഷിക മേഖലയിലെ നിരവധി ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനമായ കേരള അഗ്രോ മിഷനറി കോർപ്പറേഷൻ എന്ന സ്ഥാപനത്തിനായി മൂലധന നിക്ഷേപമായി അഞ്ച് കോടി രൂപ നീക്കി വയ്ക്കും.