
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കുട്ടനാടിന്റെ വികസനത്തിന് 140 കോടി രൂപ മാറ്റിവച്ചു. വെളളപ്പൊക്ക ദുരിതം പരിഹരിക്കാൻ 140 കോടി. വിളനാശം തടയുന്നതിന് 51 കോടി രൂപയും നെല്ല് ഉൽപാദനം വർദ്ധിപ്പിക്കാൻ 54 കോടിരൂപയും അനുവദിച്ചു. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻഗണനയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ അറിയിച്ചു.
കയർ വികസനത്തിന് കയർ മേഖലയ്‌ക്ക് 117 കോടി രൂപ വകയിരുത്തി. ഇതിനുപുറമേ ഇടുക്കി, വയനാട് വെളളപ്പൊക്ക ദുരിതം തടയാൻ 140 കോടി നീക്കിവച്ചു. ആലപ്പുഴ തുറമുഖത്തിന്റെ സമഗ്രവികസനത്തിനായി 2.5 കോടി രൂപയും അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഈ ബഡ്‌ജറ്റെന്ന് വ്യക്തമാക്കിയ ധനമന്ത്രി സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ജിഎസ്‌ടി വരുമാനത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വിലക്കയറ്റം തടയാൻ 2000 കോടി രൂപ നീക്കിവച്ചു. സംസ്ഥാനത്തിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്ര സഹായങ്ങൾ പ്രായോഗികമല്ലെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത 25 വർഷത്തിനുളളിൽ കേരളത്തെ വികസിത നിലവാരത്തിലെത്തിക്കാനും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്.