
തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെളളവിതരണത്തിനും മലിനജല നിവാരണത്തിനുമായി ബഡ്‌ജറ്റിൽ 1405.71 കോടി രൂപനീക്കിവച്ചു. ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ കേരള വാട്ടർ അതോറിറ്റിക്കും ജലനിധിക്കും 500 കോടിരൂപയാണ് അനുവദിച്ചത്. പദ്ധതിയ്‌ക്ക് 500 കോടി രൂപ കേന്ദ്ര വിഹിതമായി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കേരള വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും മറ്റ് പദ്ധതികൾക്കായി 405.71രൂപയും എറണാകുളം നഗരത്തിലെ വെളളക്കെട്ട് പ്രശ്‌ന പരിഹാരത്തിന് ഓപ്പറേഷൻ ബ്രേക്‌ത്രൂവിനായി 10 കോടി രൂപയും ബഡ്‌ജറ്റിൽ അനുവദിച്ചു.
ദേശീയ ആരോഗ്യമിഷന് 482 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ നീക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതികൾക്കായി 1600 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി 12,903 കോടിയും നീക്കിവച്ചു.
കേരള ഗ്രാമീൺ ബാങ്കിൽ അധികമൂലധന നിക്ഷേപത്തിനായി 91.75 കോടി രൂപയും സർക്കാർ സേവനങ്ങളെ അതിവേഗം ജനങ്ങളിലെത്തിക്കാൻ 2000 വൈഫൈ ഹോട്‌സ്‌പോട്ടുകളും തുടങ്ങും. സംസ്ഥാനത്ത് അതിദാരിദ്രം പരിഹരിക്കാൻ 100 കോടിരൂപ അനുവദിച്ചു. ദാരിദ്ര നിർമ്മാർജ്ജനത്തിന് പ്രാരംഭപ്രവർത്തനങ്ങൾക്കാണ് ഈ തുക വകയിരുത്തുക.