solar-panel

തിരുവനന്തപുരം: 2022 കേരള ബഡ്ജറ്റ് അവതരണത്തിൽ സോളാർ പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം. ആദിത്യ മാതൃകയിൽ അടുത്ത 5 വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ അനുവദിക്കും. വായ്പാ ഇളവ് നൽകുന്നതിനായി 15 കോടി രൂപ ബ‌ഡ്‌ജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.

വഴിയോര കച്ചവടക്കാർക്ക് വെളിച്ചത്തിനും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍ ആരംഭിക്കും. ഇതിനായി 28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്ബ് രൂപീകരിക്കും. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊര്‍ജമേഖലയില്‍ നടത്തിയ ഇടപെടലിനെ കുറിച്ചും മന്ത്രി ബഡ‌്ജറ്റില്‍ പരാമര്‍ശിച്ചു. പഞ്ചായത്തിന്റെ മുന്‍കയ്യില്‍ ആ പ്രദേശത്തെ സഹകരണ ബാങ്കിന്റെയും സോളാര്‍ എനര്‍ജി കോര്‍പറേഷന്റെയും കെഎസ്ഇബി ലിമിറ്റഡിന്റെയും സഹായത്തോടെ പഞ്ചായത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തായി പെരിഞ്ഞനം മാറിയെന്നും മന്ത്രി പറഞ്ഞു.