pravasi

തിരുവനന്തപുരം : പ്രവാസികാര്യ വകുപ്പിന് സമ്പൂർണ ബജറ്റിൽ 147.51 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷത്തിലേയ്ക്കാണ് തുക അനുവദിച്ചത്. ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ ക്ഷേമത്തിനായാണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചിട്ടുള്ളത്. പ്രവാസികാര്യ വകുപ്പ് നേരിട്ടും അതിന്റെ കീഴിലുള പൊതുമേഖലാ സ്ഥാപനമായ നോർക്കാ റൂട്ട്സ് വഴിയും വിവിധ പദ്ധതികൾ വിദേശ മലയാളികൾക്കായി നടപ്പിലാക്കി വരുന്നുണ്ട്.

പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിയ്ക്കായി 50 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ വർഷം വിദേശത്തു ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്കായുള്ള സമയബന്ധിതമായ ധനസഹായ പദ്ധതിയാണ് സാന്ത്വന പദ്ധതി. ഈ പദ്ധതിക്കായി നടപ്പ് വർഷം 33 കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ നോൺ റസിഡന്റ് കേരളൈറ്റ്സ് വെൽഫയർ ഫണ്ട് ബോർഡിന് 9 കോടി രൂപയും അനുവദിച്ചു.

യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും ബജറ്റിൽ ധനമന്ത്രി പരിഗണന നൽകിയിട്ടുണ്ട്. യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്ക വഴിയാണ് പഠന സഹായം നൽകുക. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.