kerala-lottery

തിരുവനന്തപുരം: ലോട്ടറി മേഖലയ്ക്ക് ഉണർവേകുന്ന തരത്തിലുള്ള വലിയ പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബഡ്ജറ്റിലുണ്ടായില്ല. എങ്കിൽ പോലും നിലവിലുള്ളവയ്ക്ക് ബാധകമാകുന്ന ചില സുപ്രധാന മാറ്റങ്ങൾ ഈ ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്. എഴുത്തു ലോട്ടറികൾ പോലുള്ള അനധികൃത ലോട്ടറികൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക സെൽ, ലോട്ടറി വിൽപനയുടെ കണക്കറിയാൻ സെയിൽ ട്രാക്കിംഗ് സിസ്റ്റം രൂപീകരിക്കുക എന്നിവയാണ് പുതിയ മാറ്റങ്ങളിൽ ശ്രദ്ധേയം.

കൊവിഡിനെത്തുടർന്ന് നിർത്തിവെച്ച ലോട്ടറികളുടെ കച്ചവടം എല്ലാം ഉടൻ തന്നെ പുനസ്ഥാപിക്കുമെന്നും കൊവിഡിനു മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറിയുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇനി ഒരു ടിക്കറ്റു കൂടിയാണ് തുടങ്ങാനുള്ളത്. ഒപ്പം ടിക്കറ്റുക്കൾക്ക് നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും ബഡ്ജറ്റിൽ പറയുന്നു.

വലിയ തുക സമ്മാനം ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് പരിശീലനം നൽകുകയെന്ന പ്രഖ്യാപനമാണ് ലോട്ടറി മേഖലയിൽ വരുന്ന വ്യത്യസ്തമായ മറ്റൊരു തീരുമാനം. ഭാഗ്യക്കുറി വകുപ്പിലുപയോഗിക്കുന്ന സോഫ്റ്റ് വെയറിന്റെ രണ്ടാം വെർഷൻ അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.