pak-army-

ഇസ്ലാമാബാദ് : മിസൈലിന് സമാനമായ വസ്തു ഇന്ത്യയുടെ പ്രദേശത്ത് നിന്നും അതിർത്തി കടന്ന് എത്തിയതായി പാകിസ്ഥാൻ. ബുധനാഴ്ച രാത്രിയിലാണ് അതിവേഗത്തിൽ സഞ്ചരിച്ച മിസൈലിനോട് സാദൃശ്യമുള്ള വസ്തു അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്ഥാന്റെ പ്രദേശത്തിൽ തകർന്ന് വീണ വസ്തു ചില നാശ നഷ്ടങ്ങളുണ്ടാക്കിയെന്നും എന്നാൽ ആരുടെയും ജീവൻ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിലാണ് പറന്നെത്തിയ വസ്തു തകർന്ന് വീണത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഈ പ്രവർത്തി സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും സംഭവത്തിൽ പാകിസ്ഥാൻ വ്യാമസേന തന്ത്രപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചതായും പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ ഭാഗത്ത് നിന്നെത്തിയ വസ്തുവിനെ തങ്ങൾ വെടിവച്ചിട്ടതല്ലെന്നും സ്വയം തകർന്ന് വീണതാണെന്നും മേജർ ജനറൽ ഇഫ്തിഖർ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 40,000 അടി ഉയരത്തിലാണ് അത് പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്. ഇത് പാക് വ്യോമമേഖലയിൽ ഉണ്ടായിരുന്ന വിമാനങ്ങളെ അപകടത്തിലാക്കുമായിരുന്നു. ഏകദേശം 270 കിലോമീറ്റർ ഈ വസ്തു സഞ്ചരിച്ചു. എന്നാൽ ആയുധങ്ങൾ ഇതിൽ ഘടിപ്പിച്ചിരുന്നില്ല

ഭൂതല മിസൈലിനോട് സാമ്യമുള്ളതാണ് പാക് അതിർത്തി കടന്ന് എത്തിയ വസ്തുവെന്നും, കൂടുതൽ പരിശോധന നടത്തുന്നതായും പാക് സൈനിക വക്താവ് വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും പാക് സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അടുത്തിടെ പാക് സമുദ്ര അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ അന്തർവാഹിനി തങ്ങൾ കണ്ടെത്തിയതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.