
സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രം മെഹ്ഫിൽ തലമുറകളുടെ സംഗമമാകും. ചിത്രത്തിൽ
ജി. വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും പാടുന്നു. ചിത്രത്തിൽ ഒരുവേഷം വേണുഗോപാൽ അവതരിപ്പിക്കുന്നുമുണ്ട്. ജയരാജിനെ പരിചയപ്പെട്ടതു മുതലുള്ള ഓർമ്മകൾ ഫേസ് ബുക്കിലൂടെ വേണു പങ്കുവയ്ക്കുന്നുണ്ട് . കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനാണ് സംഗീതമൊരുക്കിയത്. സിനിമയിൽ വേണുഗോപാലിന്റെ ഭാര്യയായും സഹഗായികയായും ജയരാജിന്റെ ഭാര്യ സബിത ജയരാജും വേഷമിടുന്നുണ്ട്. സംഗീതസാന്ദ്രമായ ചിത്രമായിരിക്കുമെന്ന് ജയരാജ് പറഞ്ഞു.
വേണുഗോപാൽ പറയുന്നത്
ജയനെ (ജയരാജ് ) പരിചയപ്പെടുന്നത് എന്റെ മാർ ഇവാനിയോസ് പഠനകാലത്താണ്. അന്ന് ഞങ്ങളുടെ ആർട്ട്സ് സെക്രട്ടറിയായിരുന്ന ഹരികുമാറിനൊപ്പം ഇവാനിയോസിന്റെ മെയിൻ ഗെയിറ്റിനടുത്ത് ഒരു വീടെടുത്ത് സിനിമാമോഹങ്ങളുമായി താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. കൂട്ടത്തിൽ നാടക നടനായ അലക്സ് കടവിൽ ഒക്കെയുണ്ട്. അകാലത്തിൽ ഹരിയും, അലക്സും വിടവാങ്ങുന്നു. താമസിയാതെ ജയൻ ഭരതേട്ടന്റെ അസിസ്റ്റന്റ് ആകുന്നു. ഞാൻ യുവജനോത്സവ/ ആകാശവാണി ലളിതഗാന മേഖലയിലൂടെ സിനിമാ ഗാനങ്ങളുടെ ലോകത്തേക്കും പ്രവേശിക്കുന്നു. ജയരാജിന്റെ സിനിമകൾ കോമേർഷ്യൽ, അല്ലെങ്കിൽ ആർട്ട് തലങ്ങളിൽ ഗംഭീര ശ്രദ്ധ നേടുന്നു. മേലാളിത്ത മനോഭാവം നന്നായി നില നിൽക്കുന്ന സിനിമാമേഖലയിൽ ജയന്റെ വ്യക്തിപരമായ പെരുമാറ്റം ഒരു കുളിരിളം കാറ്റപോലെയായിരുന്നു എക്കാലവും. ഞാനധികമൊന്നും ജയന്റെ സിനിമകളിൽ പാടിയിട്ടില്ല. കാവ്യഗീതികൾ എന്ന ഞാൻ നിർമ്മിച്ച കവിതാ ആൽബം ഇഷ്ടപ്പെട്ടാണ് ജയ്സൺ ജെ. നായരെ ജയന്റെ ആനച്ചന്തം എന്ന സിനിമയിലേക്ക് സംഗീത സംവിധാനത്തിന് ജയൻ ക്ഷണിക്കുന്നത്. ആ സിനിമയിലെ 'ശ്യാമവാനിലേതോ '' എന്ന അവിസ്മരണീയമായ ഒരു ഗാനമാണ് ഞാനിത് വരെ ജയരാജ് സിനിമകളിൽ പാടിയിട്ടുള്ളത്. ഫോർ ദ പീപ്പിൾ എന്ന സിനിമയിൽ 'പാദസരമേ കിലുങ്ങാതെ' എന്ന ഒരു മെലഡി പിക്ചറൈസ് ചെയ്യാതെ പോയതൊഴിച്ചാൽ .
2011ൽ എന്റെ മകൻ അരവിന്ദിന്റെ ആദ്യഗാനം ജയരാജിന്റെ ദ ട്രെയിൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു. ജയന്റെ ഏറ്റവും പുതിയ ചിത്രത്തിൽ തലമുറകളുടെ ഒരു മധുര സംഗമം കൂടി ഒരുങ്ങുന്നു. ഞാനേററവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് കൈതപ്രം ദാമോദരൻ നമ്പൂതിരിയടേതാണ്. കൈതപ്രത്തിന്റെ രചനയിൽ, അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരന്റെ സംഗീതത്തിൽ ഞാനും അരവിന്ദും മൂന്ന് ഗാനങ്ങൾ പാടുന്നു. ഗായകനായി ഒരു കാമിയോ റോളും ഞാനീ സിനിമയിൽ ചെയ്യുന്നുണ്ട്. സിനിമയിൽ എന്റെ ഭാര്യയായും, സഹഗായികയായും ജയരാജിന്റെ ഭാര്യ സബിതയും വേഷമിടുന്നു.