
തിരുവനന്തപുരം: മലയാളികൾക്ക് മാത്രമല്ല കേരളത്തിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമപ്രവർത്തനത്തിനായുള്ള പദ്ധതിയും ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിലുണ്ട്. കേരള അതിഥി മൊബൈൽ ആപ്പ് എന്ന പദ്ധതിയാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ജോലിചെയ്യാനെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ വെബ് പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ രജിസ്റ്റർ ചെയ്ത പ്രത്യേകമായ തിരിച്ചറിയൽ നമ്പർ നേടേണ്ടതുണ്ട്. കേരള അതിഥി മൊബൈൽ ആപ് പദ്ധതിക്കായി നാൽപ്പതുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ജോലിയെടുക്കുന്നത്. ഇതിൽ ഏറെയും നിർമാണ മേഖലയിലാണ്. 2030 ഓടെ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് അടുത്തിടെ നടത്തിയൊരു പഠനത്തിൽ വ്യക്തമായിരുന്നു. കൊവിഡിനെ തുടർന്ന് താെഴിൽ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ തൊഴിലാളികളിൽ പലരും സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് തിരികെ എത്തിയിട്ടുണ്ട്. അതാേടെ സംസ്ഥാനത്ത് ഇവരുടെ എണ്ണം വീണ്ടും കൂടുകയാണ്.