
മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ മരിച്ച ദിവസം അദ്ദേഹത്തെ കാണാൻ നാല് യുവതികൾ എത്തിയിരുന്നതായി റിപ്പോർട്ടുകൾ. മരിക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ് അവർ ഷെയ്ൻ താമസിച്ചിരുന്ന വില്ലയിൽ എത്തുന്നത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഷെയ്നെ ജീവനോടെ അവസാനമായി കണ്ടതും ഇവരാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് തായ്‌ലൻഡ് പൊലീസ് വ്യക്തമാക്കി.
മരിക്കുന്ന ദിവസം ഉച്ചയ്‌ക്ക് 1.53നാണ് യുവതികൾ വില്ലയിലെത്തുന്നത്. രണ്ടു പേർ അദ്ദേഹം താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്തുപോയത്. അതുകഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കാണുന്നത്.
പിന്നീടാരും അവിടേക്ക് പോയിട്ടില്ല എന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളാണ് ഷെയ്നെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, ഷെയ്ന്റെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നത്.
മരിച്ച് ആറ് ദിവസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ ബാങ്കോക്ക് വിമാനത്താവളത്തിലെത്തിയിരുന്നു.