budget

കൊച്ചി: അടുത്ത 25 വർഷത്തേക്ക് സംസ്ഥാനത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുകകൂടി ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ഇത്തവണ ബഡ്‌ജറ്റിന്റെ സവിശേഷത.

പുതിയ സാങ്കേതികവിദ്യയിലും പുതിയ മേഖലകളിലും ഊന്നിയുള്ള വികസനമാണ് ധനമന്ത്രി ഉന്നമിടുന്നത്. 25 വർഷത്തിനകം കേരളീയരുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിന് തുല്യമാക്കാൻ ലക്ഷ്യമിട്ടപ്പോൾ, 5 ജിയും വൈ-ഫൈയും ഐ.ടിപാർക്കുകളും സ്റ്റാർട്ടപ്പുകളുമൊക്കെ വലിയ പ്രാധാന്യം നേടി.

5ജിയും കെ-ഫോണും

ഇന്റർനെറ്റ്,​ സ്മാർട്ട്ഫോൺ ഉപയോഗത്തിലും മൊബൈൽ നെറ്റ്‌വർക്ക് വ്യാപനത്തിലും രാജ്യത്ത് ഏറെ മുന്നിലുള്ള കേരളത്തെ 5 ജിയിലും അതിവേഗം മുന്നോട്ടുനയിക്കാനുള്ള 5ജി ലീഡർഷിപ്പ് പാക്കേജ് ബഡ്‌ജറ്റിന്റെ തിളക്കമാണ്.

തിരുവനന്തപുരം-കൊല്ലം,​ എറണാകുളം-കൊരട്ടി,​ എറണാകുളം-ചേർത്തല,​ കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐ.ടി ഇടനാഴികളിലാണ് ആദ്യഘട്ടത്തിൽ 5 ജി ലീഡർഷിപ്പ് പാക്കേജ് അവതരിപ്പിക്കുക.

അതിവേഗ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന കെ-ഫോണിന് ജൂണിൽ തുടക്കമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കെ-ഫോൺ സൗജന്യമായിരിക്കും.

ഐ.ടിയും പാർക്കുകളും

വികസന മുന്നേറ്റത്തിന് കേരളത്തിന്റെ തുറുപ്പുചീട്ടുകളാണ് ഐ.ടിയും സ്‌റ്റാർട്ടപ്പുകളും. നിലവിലെ ഐ.ടി പാർക്കുകളിൽ നിന്ന് അത്യാധുനിക സൗകര്യങ്ങളോടെയും 5ജി കണക്‌ടിവിറ്റിയോടെയും നാല് ഐ.ടി ഇടനാഴികൾ സ്ഥാപിക്കും.

എറണാകുളത്തും കൊല്ലത്തും സാറ്റലൈറ്റ് ഐ.ടി പാർക്കുകളും വരും. ഈ പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ സമ്മാനിക്കുമെന്നത് മാത്രമല്ല,​ സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്താനും ഐ.ടി കയറ്റുമതി കൂടാനും സഹായിക്കും. ആയിരം കോടി രൂപചെലവിൽ നാല് സയൻസ് പാർക്കുകൾ ഐ.ടി പാർക്കുകളിൽ സ്ഥാപിക്കും.

സ്റ്റാർട്ടപ്പിൽ കുതിക്കും

കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി രൂപ ബഡ്‌ജറ്റിലുണ്ട്. നിലവിൽ ഐ.ടി അധിഷ്‌ഠിത സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ കൂടുതൽ. ഉത്പാദന സ്റ്റാർട്ടപ്പുകളെക്കൂടി പ്രോത്സാഹിപ്പിക്കാനാണ് ശ്രമം.

 സ്‌റ്റാർട്ടപ്പ് ഉത്പന്നങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഓർഡറുകൾ ഉയർത്തും

 കൃഷി, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, ഹാർഡ്‌വെയർ, സ്പേസ് ടെക്‌നോളജി മേഖലകളിലെ സ്‌റ്റാർട്ടപ്പുകളെ സഹായിക്കാൻ 20 കോടിയുടെ ഫണ്ട്‌ ഒഫ് ഫണ്ട് രൂപീകരിക്കും

 സ്‌റ്റാർട്ടപ്പുകൾക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകാനും മൂലധനം ഉറപ്പാക്കാനും കെ.എഫ്.സി വഴി 250 കോടി രൂപയുടെ വായ്‌പ ലഭ്യമാക്കും

 കോളേജ് കാമ്പസുകളിൽ ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കുന്നതും സ്‌റ്റാർട്ടപ്പ്,​ സംരംഭകത്വ മേഖലകളിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കും

വൈ-ഫൈയിലേറാൻ കേരളം

സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 2,​023 വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ നിലവിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 2,​000 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടിവരും. ഇത് സംസ്ഥാനത്തിന്റെ ഇന്റർനെറ്റ് കണക്‌ടിവിറ്റിക്കും വലിയ ഉണർവാകും.

വീടിനടുത്ത് ജോലി

കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം എന്ന ആശയത്തിന് സമാനമായി,​ വർക്ക് നിയർ ഹോം എന്ന പുത്തൻ ആശയവും ബഡ്‌ജറ്റിൽ ശ്രദ്ധനേടിയിട്ടുണ്ട്. വൻകിട കമ്പനികൾക്കായി ഉൾപ്പെടെ ഓൺലൈനിൽ ജോലി ചെയ്യാവുന്ന പദ്ധതിയാണിത്. മികച്ച വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവുമുള്ള വീട്ടമ്മമാർക്ക് പ്രയോജനപ്പെടും. 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.