kerala-budget

കൊച്ചി: വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്‌കൂൾകാലത്തുതന്നെ വിദ്യാർത്ഥികളെ സംരംഭകരാക്കുന്നത് കൂടി ലക്ഷ്യമിടുന്നതാണ് ഇത്തവണത്തെ ബഡ്‌ജറ്റ്. വിദ്യാഭ്യാസ മേഖലയ്‌ക്കായി 2,546.07 കോടി രൂപയാണ് ബഡ്‌ജറ്റിലുള്ളത്. 1,016.74 കോടി സ്‌കൂൾ വിദ്യാഭ്യാസത്തിനും 452.67 കോടി ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്.

 വരുന്നു സ്‌കിൽ കോഴ്സ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്‌കിൽ കോഴ്‌സ് തുടങ്ങുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഒന്നുവീതം 140 മണ്ഡലങ്ങളിലും പദ്ധതിവരും. സ്‌കൂളും കോളേജും പോളിടെക്‌നിക്കും ഐ.ടി.ഐയും ഇതിലുൾപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഉത്പാദന കേന്ദ്രങ്ങളും തുറക്കും. നോളജ് ഇക്കണോമി എന്ന അടിസ്ഥാനതത്വത്തിലൂന്നിയുള്ള പദ്ധതിക്കായി കിഫ്‌ബിയിൽ നിന്ന് 140 കോടി രൂപ നീക്കിവച്ചു.

 ഉത്പാദനമേഖലയ്‌ക്ക് ഗുണകരമാംവിധം കോളേജുകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ

 വിജ്ഞാന സമ്പദ്‌വ്യവസ്ഥ (നോളജ് ഇക്കണോമി) ശക്തിപ്പെടുത്തും. അതിലൂടെ കേരളത്തിന്റെ മൂല്യവർദ്ധിത ഉത്പന്നമേഖലയ്ക്ക് കരുത്തേകുക, ആഭ്യന്തര ഉത്പാദനം ഉയർത്തുക എന്നിവ മുഖ്യലക്ഷ്യം.

 വിദ്യാഭ്യാസ നൈപുണ്യ വികസനം മെച്ചപ്പെടുക്കാൻ കെ-ഡിസ്‌കിന് 200 കോടി

 ഡിജിറ്റൽ സാങ്കേതികവിദ്യ വഴി വ്യവസായ-വിദ്യാഭ്യാസമേഖലകളുടെ സഹകരണം ഉഷാറാക്കി, സംരംഭകത്വ നൈപുണ്യമുള്ള യുവതലമുറയെ വാർത്തെടുക്കാനുമായി ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി

 സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയിലൂടെ കാർഷികരംഗത്തെ ആധുനികവത്കരണത്തിനായി അഗ്രികൾച്ചർ, ഓർഗാനിക് ഫാമിംഗ്, വി.എച്ച്.എസ്.ഇ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ സേവനവും പ്രയോജനപ്പെടുത്തും.

 പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ഫീസ് സബ്സിഡി, പലിശ സബ്സിഡിയോടെ വായ്‌പ.

 സിൽവർലൈന് 2,000 കോടി

സിൽവർലൈനിന് ഭൂമി ഏറ്റെടുക്കാൻ 2,000 കോടി രൂപ നീക്കിവച്ചതിലൂടെ, പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന സന്ദേശവും ധനമന്ത്രി നൽകി. ഗതാഗതമേഖലയുടെ മൊത്തം അടങ്കൽ 1,444.25 കോടി രൂപയിൽ നിന്ന് 1,788.67 കോടിയായി ഉയർത്തി. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ 20 ശതമാനം തീരദേശ ഷിപ്പിംഗ് വഴിയാക്കുമെന്നത് ഭാവിയെക്കൂടി മുന്നിൽക്കണ്ടുള്ള മികച്ച തീരുമാനമാണ്.

അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, പൊന്നാനി, തങ്കശേരി തുറമുഖങ്ങൾക്കും ബഡ്‌ജറ്റിൽ സഹായമുണ്ട്. ആലപ്പുഴ തുറമുഖത്തെ സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുമെന്നത്, ടൂറിസത്തിനും വലിയ നേട്ടമാകും. സംസ്ഥാന, ദേശീയപാത വികസനത്തിനും പ്രാമുഖ്യമുണ്ട്.

 റോഡ് നിർമ്മാണത്തിന് റബർ, പ്ളാസ്‌റ്റിക്, ഭൂവസ്ത്രം എന്നിവ ഉപയോഗിക്കും.

 സോളാർ ബോട്ടുകൾ, ഇ-ഓട്ടോറിക്ഷകൾ എന്നിവയും ബഡ്‌ജറ്റിൽ

 ടൂറിസം കൂടി ഉന്നമിട്ട് എയർസ്ട്രിപ്പുകൾ സ്ഥാപിക്കും