
പേര് പ്രസന്നനെന്നാണെങ്കിലും ജീവിതവഴി എന്നും കനലിലൂടെയായിരുന്നു. പക്ഷേ മുഖഭാവത്തിൽ ഒരിക്കലും പ്രസന്നത കൈ വെടിഞ്ഞിട്ടില്ല. ഈശ്വരൻ കൂടെയുണ്ടെന്ന് അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി പറയാറുണ്ട്. ഒരു ആശ്വാസവാക്കായേ പ്രസന്നൻ അതിനെ കരുതിയിട്ടുള്ളൂ. ഭാര്യയ്ക്ക് ഹൃദയസംബന്ധമായ ബുദ്ധിമുട്ട് വന്ന് നഗരത്തിലെ ചെലവേറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോ. അക്ബർ നാല്പതുശതമാനം സാദ്ധ്യതയാണ് പറഞ്ഞത്. ആ ശതമാനത്തിൽ വെട്ടിത്തിരുത്തൽ വരുത്താൻ ഈ ലോകത്തിന്റെ മാനേജിംഗ് ഡയറക്ടറായ ദൈവത്തിനേ സാധിക്കൂ എന്നും ഡോക്ടർ ഓർമ്മിപ്പിച്ചു. ഗൾഫിലിരുന്നപ്പോൾ സ്ഥലം വാങ്ങി വച്ച വീട് ഭാര്യയുടെ ചികിത്സാചെലവുകൾക്കായി ഒരു ബന്ധുവിന് വിൽക്കേണ്ടി വന്നപ്പോഴും പ്രസന്നന്റെ മുഖം മങ്ങിയില്ല. ഭാര്യയാകട്ടെ ഇതിന്റെയൊന്നും ആവശ്യമില്ല. കല്യാണപ്രായമായ ഒരു മകളിരിക്കുന്ന കാര്യം ഓർമ്മവേണം എന്നൊക്കെ ഇടക്കിടെ ഓർമ്മിപ്പിക്കുമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ഡോ. അക്ബർ പുറത്തിറങ്ങുമ്പോൾ പ്രസന്നന്റെ തോളത്ത് തട്ടി പറഞ്ഞു: ഓപ്പറേഷൻ തിയേറ്ററിലും ദൈവം വന്നിരുന്നു. നിസ്ക്കരിക്കുമ്പോഴൊക്കെ ഞാനും പ്രാർത്ഥിക്കുമായിരുന്നു. ഇനി ദൈവത്തെ പിണക്കാതിരുന്നാൽ മതി.
ആശുപത്രിയിൽ നിന്ന് വാടകവീട്ടിലേക്കു മാറുമ്പോഴും പ്രസന്നൻ സന്തോഷവാനായിരുന്നു. പ്രതീക്ഷയോടെ വച്ച വീട് അന്യാധീനപ്പെട്ടെങ്കിലും ഭാര്യയുടെ ജീവൻ തിരിച്ചുകിട്ടി. ഒഴുകിപ്പോകുന്ന നദിയെക്കുറിച്ച് വേവലാതിപ്പെടേണ്ട. അതുപോലെയാണ് ചെലവായിപ്പോകുന്ന പണവും. കുടിക്കാനും കുളിക്കാനുമുള്ള വെള്ളം മതിയല്ലോ... പ്രസന്നൻ ഭാര്യയെ ആശ്വസിപ്പിക്കും. നാല്പത് വർഷം മുമ്പ് ഗൾഫിലേക്ക് പോയതാണ്. വെയിലിനും മഴയ്ക്കും മഞ്ഞിനും മറയില്ലാത്ത പ്രവാസകാലം. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരുമ്പോൾ കാര്യമായ അസുഖങ്ങളും കൂടെയുണ്ടാകും. അതിന്റെ ചികിത്സയ്ക്കായി സാമ്പാദ്യത്തിൽ കുറെ ചെലവാകും. പിന്നെ രണ്ടു സഹോദരിമാരുടെ കല്യാണം. അംഗവൈകല്യമുള്ള സഹോദരന് ഒരു ബിസിനസ് സ്ഥാപനം മണലാരണ്യത്തിൽ നിന്ന് സമ്പാദിച്ചതൊക്കെ പലവഴിക്ക് ഒലിച്ചുപോയി. കൈപിടിച്ചു കയറ്റിയവരും കൈയയച്ച് സഹായിച്ചവരും ഒരേപോലെ പിൽക്കാലത്ത് തള്ളിപ്പറയുമ്പോഴും പ്രസന്നന്റെ മുഖവും മനസും വാടിയില്ല.
വിശന്നു വലഞ്ഞ് വയറ് നിറയെ സദ്യയുണ്ട് കഴിയുമ്പോൾ ആലസ്യത്തിലാണ്ടു പോകും. പിന്നെ മയങ്ങി എണീൽക്കുമ്പോൾ വിളമ്പിയ കൈകളെ എത്രപേർ ഓർക്കും. ഉപകാരസ്മരണയ്ക്കും അതേ ഗതിയാണ്. എല്ലാകാലത്തും മനുഷ്യജീവിതം അങ്ങനെ തന്നെ.
വാടകവീട്ടിൽ കഴിയുന്നതിനിടയിലാണ് മകൾക്ക് ഒരു ഗൾഫുകാരന്റെ വിവാഹാലോചന വന്നത്. കൂടുതലൊന്നും ആലോചിച്ചില്ല. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം നടന്നു. ഒരു ഇൻഷ്വറൻസ് കമ്പനിയിലാണ് പയ്യന് ജോലി. സ്വന്തം അച്ഛനമ്മമാരെപ്പോലെ ഭാര്യയുടെ രക്ഷിതാക്കളെയും സ്നേഹിക്കുന്ന മനസ്. ഡോ. അക്ബർ പറഞ്ഞപോലെ 
ക്ഷേത്രപൂജാരി പറഞ്ഞപോലെ ദൈവം കൂടെയുള്ളതുപോലുള്ള ബലവും ആശ്വാസവും പ്രസന്നന് അനുഭവപ്പെട്ടു. അതുപുറമേ പ്രകടിപ്പിച്ചില്ലെന്നു മാത്രം.
മകൾക്കും അവിടെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിയുണ്ട്. ഇപ്പോൾ മകളും മരുമകനും നിർബന്ധിക്കുകയാണ് കുറേക്കാലം ഗൾഫിൽ അവരോടൊപ്പം കഴിയാൻ. എന്തുവേണമെന്നറിയാതെ പ്രസന്നൻ ചിന്താവിഷ്ടനായി. അപ്പോൾ ഭാര്യ ഇടപെട്ടു, സ്നേഹത്തോടെയും നന്മയോടെയും വിതയ്ക്കുന്ന കർമ്മങ്ങൾ പതിരാവില്ല എന്നല്ലേ എപ്പോഴും പറയാറ്. ഇപ്പോൾ ദൈവം കൂടെയില്ലേ? അതോ ഭഗവാൻ അവധിയിലാണോ? പ്രസന്നൻ ജരാനരകൾ മറന്ന് യുവാവിനെപ്പോലെ ചിരിച്ചു.
(ഫോൺ : 9946108220)