suresh-gopi

സുൽത്താൻ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്ത് എത്തിയാണെന്ന് സുരേഷ് ഗോപി എം.പി. യുപിയിലെ സാധാരണ ജനങ്ങൾ നൽകിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. അവർക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറായാൽ അവർ സ്വീകരിക്കും. കർഷകരെ സമരത്തിലേക്ക് തള‌ളിവിട്ടവർ എവിടെയെന്നും കാർഷികനിയമം പിൻവലിച്ചതിൽ താൻ അതൃപ്‌തനാണെന്നും സുരേഷ് ഗോപി പറഞ്ഞു.

യു.പിയിൽ നിന്ന് ഭയന്നോടി വയനാട്ടിൽ അഭയംതേടിയ രാഹുൽ ഗാന്ധി എന്ത് പ്രവർത്തനമാണ് ഇവിടെ നടത്തുന്നതെന്നും സുൽത്താൻ ബത്തേരിയിൽ ബിജെപിയുടെ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് അദ്ദേഹം ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാർട്ടി പ്രവർത്തകർക്കൊപ്പം ആഘോഷിക്കാൻ ബത്തേരിയിൽ എത്തിയതായിരുന്നു അദ്ദേഹം. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചതുപോലെ സിപിഎമ്മിനു നേരെയും സുരേഷ്‌ഗോപി വിമർശനമുന്നയിച്ചു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നിൽക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ,​ വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധു എന്നിവരും വിജയാഹ്ളാദത്തിൽ പങ്കെടുത്തു.

ഉത്തർ പ്രദേശ്,​ ഉത്തരാഖണ്ഡ്,​ മണിപ്പൂർ,​ ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വിജയം കൈവരിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും തീർത്തും അപ്രസക്‌തമായിരുന്നു കോൺഗ്രസ് പ്രകടനം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ വോട്ട് ഭിന്നിച്ചത് ബിജെപിയുട വിജയം കൂടുതൽ മികച്ചതാക്കി