sipsy-and-binoy-case

കൊച്ചി :പിഞ്ചു കുഞ്ഞിനെ അമ്മുമ്മയുടെ കാമുകൻ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജോൺ ബിനോയി ഡിക്രൂസ് തന്നെയും ആക്രമിച്ചിട്ടുണ്ടെന്ന് കുഞ്ഞിന്റെ അമ്മ ഡിക്സി. ഒന്നര വർഷം മുൻപ് പാറക്കടവ് കോടുശേരിയിലെ ഭർതൃഗൃഹത്തിൽ വെച്ചാണ് തന്നെ ആക്രമിച്ചത്. തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയി. ഭർത്താവായ സജീവ് വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം.

ഇതിനെ തുടർന്ന് സജീവും ഡിക്സിയും പിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ചു. എന്നാൽ സജീവ് കുട്ടികളെ ഡിക്സിക്ക് കൊടുക്കാൻ തയ്യാറായില്ല. അങ്കമാലി പോലീസ് ഇരുവരുമായി നടത്തിയ ചർച്ചയെ തുടർന്ന് കുട്ടിയെ അമ്മയ്ക്ക് വിട്ടുകിട്ടി. പിന്നീട് ഭർത്താവുമൊത്ത് രണ്ടു മാസം ഒന്നിച്ചു താമസിച്ചു. സജീവിന്റെയും അമ്മ സിപ്സിയുടെയും ക്രിമിനൽ പശ്ചാത്തലം അറിയാമായിരുന്നിട്ടും ഡിക്സി വിവാഹമോചനത്തിനു കേസ് കൊടുത്തിരുന്നില്ല. വിദേശത്തു പോകുന്നതിന് കേസ് തടസമാകുമോയെന്ന് ഭയന്നാണ് കേസ് കൊടുക്കാതിരുന്നതെന്നും ഡിക്സി പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഡിക്സി ദുബായിയിലേക്കു പോയത്. വിദേശത്തു പോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ സജീവിന്റെ വീട്ടുകാരെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോയി. കൊല്ലപ്പെട്ട നോറയെ അമ്മ അവസാനമായി കണ്ടത് സജീവും സിപ്സിയും ജോണും കാണാതെ മറ്റൊരു ബന്ധു വാട്സാപ്പ് കോൾ വിളിച്ചപ്പോഴാണ്.

ഇക്കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ രണ്ടിനാണ് കലൂരിലെ ലോഡ്ജിൽ വെച്ച് സജീവിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയ കൊല്ലപ്പെടുന്നത്. സംഭവത്തിൽ അമ്മുമ്മ സിപ്സിയുടെ കാമുകനായ പള്ളുരുത്തി ഇഎസ്‌ഐ റോഡിൽ കല്ലേക്കാട്ടിൽ ജോൺ ബിനോയി ഡിക്രൂസിനെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു.