arya

യുക്രെയിനിലെ യുദ്ധമുഖത്ത് നിന്നും പ്രാണനും കൊണ്ട് രക്ഷപ്പെടാൻ ചുറ്റിലുമുള്ളവർ ശ്രമിക്കുമ്പോഴെല്ലാം തന്റെ വളർത്തുനായ ഇല്ലാതെ താനൊരിടത്തേക്കുമില്ലെന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞ ഒരു മിടുമിടുക്കിയുണ്ട്,​ ആര്യ ആൽഡ്രിൻ. വലിയൊരു ജീവന്മരണ പോരാട്ടം കഴിഞ്ഞാണ് ആര്യയും അവളുടെ പ്രിയപ്പെട്ട വളർത്തുനായ സൈറയും മൂന്നാറിലെത്തിയത്.

അതിർത്തിയിലെ പ്രതിസന്ധികളും വളർത്തുമൃഗങ്ങളെ അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള തടസങ്ങളെയും അവൾ ധൈര്യപൂർവം നേരിട്ടു. സംഭവം വൈറലായതോടെ യുക്രെയിനിലെ ഈ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ തേടി അഭിനന്ദങ്ങളും വിമർശനങ്ങളും ഒരുപോലെയെത്തി. ആര്യ 'സ്ട്രെയിറ്റ് ലൈനി"ൽ സംസാരിക്കുന്നു.

'എന്റെ സീനിയ‌ർ ചേട്ടന്റെ കൈയിലാണ് ഇവളെ ഞാൻ ആദ്യം കാണുന്നത്. അന്ന് രണ്ട് മാസം പ്രായമായിരുന്നു. ഇപ്പോൾ അഞ്ച് മാസമായി. എന്റെ കൈയിൽ കിട്ടിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. പക്ഷേ ഞങ്ങൾ പെട്ടെന്ന് അടുത്തു. ചേട്ടൻ സൈറയെ തരുമ്പോൾ  നന്നായിട്ട് നോക്കണം എന്ന ഒറ്റ കാര്യമേ പറഞ്ഞിരുന്നുള്ളൂ.​ എന്തുഭക്ഷണവും ഇവൾ കഴിക്കും. ഏറ്റവും ഇഷ്ടം കാബേജാണ്. പിന്നെ ഫ്രൂട്സും ചോറുമെല്ലാം കൊടുക്കും.

സൈറയെ നാട്ടിൽ കൊണ്ടുവരാൻ നിന്നപ്പോൾ ഒരുപാട് പേർ വിമർശിച്ചു. മറ്റൊരാളുടെ അവസരമാണ് കളയുന്നതെന്ന് പറഞ്ഞു. പക്ഷേ ഞാൻ ഇവളെ കൊണ്ടുവന്നത് കാർഗോയിൽ ആണ്. അതുകൊണ്ട് ഒരാളുടെയും അവസരം കളഞ്ഞിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ നിന്നപ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം പറഞ്ഞത് സൈറയെ ഉപേക്ഷിക്കാനോ അല്ലെങ്കിൽ ആരെയെങ്കിലും ഏൽപ്പിക്കാനോ ആയിരുന്നു.

അവിടെയുള്ളവർ പോലും ആ രാജ്യം വിട്ടു പോകുകയാണ്. ആ സാഹചര്യത്തിൽ ഞാൻ ആരെയാണ് ഏൽപ്പിക്കുക. എന്തായാലും ഇനി മടങ്ങി പോകുമ്പോൾ അവളെ കൊണ്ടുപോകില്ല. ഇവിടെ മമ്മി നോക്കും. എന്നെങ്കിലുമൊരിക്കൽ പുടിനെ നേരിട്ട് കണ്ടാൽ എന്തിനാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിക്കും. രാവിലെ കിളികളുടെ ഒച്ച കേട്ട് എഴുന്നേറ്റിരുന്നവർ ഇപ്പോൾ കേൾക്കുന്നത് സൈറണിന്റെ ഒച്ചയാണ്.

ഇപ്പോഴെന്റെ ഹീറോ സെലെൻസ്‌കിയാണ്. പ്രതിസന്ധി വന്നപ്പോൾ അദ്ദേഹം ഒളിച്ചോടിയില്ല,​ ആ നാടിന് വേണ്ടി നിന്നു. സ്വന്തം ജീവനെ പോലും മറന്നു. സൈന്യത്തിനോടൊപ്പം അദ്ദേഹവുമിറങ്ങി. അവിടത്തെ ജനങ്ങൾക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. " ആര്യ പറഞ്ഞു.

വീഡിയോയുടെ പൂർണരൂപം കാണാം...