
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ് ബിജെപിക്ക് യോഗ്യനായ എതിരാളിയാണെന്ന് ഇനിയും തെളിയിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിലിട്ട കുറിപ്പിലൂടെ പ്രതികരിച്ചു.
തന്റെ സഹപ്രവർത്തകൻ പറഞ്ഞതുപോലെ തോറ്റു എന്നാൽ പരാജയപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ട തരൂർ കോൺഗ്രസിന്റെ മൂല്യങ്ങളും ബോദ്ധ്യങ്ങളും ആഴത്തിൽ വേരൂന്നിയതാണെന്നും അത് നിലനിൽക്കുക തന്നെ ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
യുപിയിലും പഞ്ചാബിലുമടക്കമുളള പാർട്ടിയുടെ ദയനീയ പ്രകടനത്തെ കുറിച്ച് കഴിഞ്ഞദിവസവും തരൂർ പ്രതികരിച്ചിരുന്നു. കോൺഗ്രസിന് ജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്നും സംഘടനയെ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു തരൂർ പാർട്ടി കേന്ദ്ര നേതൃത്വത്തെ വിമർശിച്ച് ഇന്നലെ അഭിപ്രായപ്പെട്ടത്. കോൺഗ്രസിൽ നിലകൊളളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്‌ട്രത്തിന് നൽകുന്ന പോസിറ്റീവ് ആയുളള അജണ്ടയും വീണ്ടും ഉറപ്പിക്കാനും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കാനും കോൺഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കണമെന്നാണ് ശശി തരൂർ അഭിപ്രായപ്പെട്ടത്.