
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ദിവസേന കഴിക്കുന്ന ഭക്ഷണവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് സമീകൃതാഹാരം കഴിക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതുപോലെ ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മനുഷ്യർ കഴിച്ചിരുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്. തങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും അസുഖങ്ങൾ വരാതെ ദീർഘകാലം ജീവിക്കാൻ സഹായിച്ചതും ഈ ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ടാണെന്നാണ് അവർ പറയുന്നത്.
ദീർഘായുസ് നേടാനുള്ല ഏറ്റവും പ്രശസ്തമായ മാർഗം എന്നത് മെഡിറ്ററേനിയൻ ഭക്ഷണക്രമമാണ്. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗികൾ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ല അസുഖങ്ങൾക്ക് ചികിത്സ തേടുന്നവർക്കും ഈ ഭക്ഷണരീതി ഫലപ്രദമാണ്. സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലോകത്ത് ഏറ്റവുമധികം കാലം ജീവിച്ചവർ മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ മാത്രം ഒതുങ്ങി നിന്നവരല്ല. മറ്റ് ചില ഭക്ഷണങ്ങൾ കൂടി അവർ ഉൾപ്പെടുത്തിയിരുന്നു. പരിചയപ്പെടാം ആരോഗ്യത്തോടെ വളരെക്കാലം ജീവിക്കാൻ സഹായിക്കുന്ന ചില ലളിതമായ ഭക്ഷണ രഹസ്യങ്ങൾ.

1.സസ്യാഹാരം
ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചവരിൽ ഭൂരിഭാഗവും സസ്യാഹാരങ്ങൾ കൂടുതലായി കഴിച്ചിരുന്നവരാണ്. പഴങ്ങൾ,പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ അവർ ധാരാളമായി കഴിച്ചിരുന്നു. എന്നാൽ മാംസാഹാരം വളരെ കുറച്ച് മാത്രമേ ഇവർ കഴിച്ചിരുന്നുള്ളൂ.

2. വീഞ്ഞ്
ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നവർ അവരുടെ ദിവസേനയുള്ല ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒന്നായിരുന്നു വീഞ്ഞ്. പക്ഷേ മിതമായ അളവിൽ ആണെന്ന കാര്യം ഓർക്കുക. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ചുവന്ന വീഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. എന്നാൽ അമിതമായി വീഞ്ഞ് കഴിച്ചാൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും വർദ്ധിക്കുന്നതിനും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

3. 80 ശതമാനം മാത്രം ഭക്ഷണം
ലോകത്തിലെ ഏറ്റവും ആരോഗ്യകരവും ദീർഘായുസ് തരുന്നതുമായ ഒരു കാര്യമാണ് 80ശതമാനം ഭക്ഷണം കഴിക്കുക എന്നത്. വയറ് നിറയെ ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ജപ്പാനിലെ ഒകിനാവ ദ്വീപിലുള്ള ജനങ്ങളാണ് ഈ ഭക്ഷണരീതി പിന്തുടർന്നിരുന്നത്. അവരിൽ ആയുർദൈർഘ്യം വളരെ കൂടുതലായിരുന്നു.

4. സന്തോഷം നിലനിർത്തുക
ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവർ നല്ല ഭക്ഷണരീതി പിന്തുടരുക മാത്രമല്ല ചെയ്യുന്നത്, അവർ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകിയിരുന്നു. പ്രകൃതിയുമായി ഇണങ്ങിയും പ്രിയപ്പെട്ടവരുമായി സമയം ചിലവഴിച്ചുമാണ് അവർ മാനസിക സമ്മർദത്തെ മറികടന്നിരുന്നത്. അവരുടെ ആയുസ് വർദ്ധിക്കുന്നതിന് ഇതും ഒരു പ്രധാന കാരണമായെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

5. വ്യായാമം
വ്യായാമം എന്ന് പറയുമ്പോൾ ജിമ്മിൽ പോയി വർക്കൗട്ടുകൾ ചെയ്യണം എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതിന് സമയം ലഭിക്കാത്തവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഈ എളുപ്പകാര്യങ്ങൾ പിന്തുടരാം. ശരീരം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന തരത്തിൽ എന്തെങ്കിലും ജോലികൾ ചെയ്യുക. നടക്കുകയോ, പൂന്തോട്ടം പരിപാലിക്കുകയോ തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാം.