
കോവിഡാനന്തര യുഗത്തിൽ, ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ,തൊഴിൽ,സാങ്കേതിക വിജ്ഞാന രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ബഡ്ജറ്റ് നിർദ്ദേശങ്ങൾ.നിരവധി ഭാവി തൊഴിലുകൾക്കിണങ്ങിയ നിർദ്ദേശങ്ങളുണ്ട്.സംരഭകത്വം,സ്റ്റാർട്ടപ്പുകൾ,ഇൻകുബേഷൻ കേന്ദ്രങ്ങൾ,ഭൗതിക സൗകര്യവികസനം, നൂതന സാങ്കേതിക വിദ്യ ,ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ട്.
സ്കിൽ വികസനം,സയൻസ്,എൻജിനിയറിംഗ്, സാങ്കേതിക വിദ്യ, ആരോഗ്യം എന്നിവയിൽ നൂതന കോഴ്സുകൾ, ഇന്റേൺഷിപ്പുകൾ,ഇൻക്യുബേഷൻ കേന്ദ്രങ്ങൾ,തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നത് തൊഴിലില്ലായ്മ ഒരുപരിധിവരെ പരിഹരിക്കാൻ സഹായിക്കും.
നൂതന ആരോഗ്യ സാങ്കേതിക വിദ്യ, കാലാവസ്ഥാ ഗവേഷണം,ഭാവി തൊഴിലുകൾ, ഇന്നൊവേഷനുകൾ,ഗ്രാഫീൻ,മൈക്രൊബയോം,ഭക്ഷ്യ സംസ്കരണം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ബിരുദ,ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും.
വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ ഡേറ്റാ ബാങ്ക്, യുക്രെയിനിൽ നിന്നു തിരിച്ചുവന്ന വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം,വിദേശ പഠനം,അന്താരാഷ്ട്ര ഹോസ്റ്റലുകൾ എന്നിവ ഗുണകരമാകും.ഐ.ടി.കോറിഡോറും കൂടുതൽ ഐ.ടി പാർക്കുകളും ജില്ലാതലത്തിൽ സ്കിൽ പാർക്കുകളും സയൻസ് പാർക്കുകളും സേവന മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.പൊതുജനാരോഗ്യ സംരക്ഷണം,മേഖലാ കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രങ്ങൾ,കാർഷികോത്പാദനം,എം.എസ്.എം.ഇക്കുള്ള വർദ്ധിച്ച പ്രാധാന്യം,ഡിജിറ്റലൈസേഷൻ,കാർഷികോത്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണം എന്നിവ പ്രായോഗികമായ നിർദ്ദേശങ്ങളാണ്.കേരളത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥ പരമാവധി ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ,തൊഴിൽ,സേവന,കാർഷിക മേഖലയിൽ ലക്ഷ്യമിട്ട വളർച്ച കൈവരിക്കാൻ ബഡ്ജറ്റ് നിർദ്ദേശങ്ങൾ സഹായകരമാകും.