രഞ്ജി ട്രോഫിയിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് സ്വപ്നസമാനമായ തുടക്കം കുറിച്ച ബൗളറാണ് ഏദൻ ആപ്പിൾ ടോം എന്ന പതിനാറുകാരൻ. പേരു കൊണ്ടും ഇതുവരെയുള്ള ക്രിക്കറ്റ് കരിയറിനാലും കേരള ക്രിക്കറ്റിലെ പുത്തൻ സെൻസേഷനാണ് ഈ കൗമാരക്കാരൻ. അണ്ടർ19 കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കേരള രഞ്ജി ടീമിന്റെ പരിശീലനക്യാമ്പിൽ നെറ്റ്സിൽ പന്തെറിയാൻ വിളിക്കുമ്പോൾ കൂടുതലൊന്നും ഏദൻ കരുതിയില്ല. എന്നാൽ ടീം പ്രഖ്യാപിക്കുമ്പോൾ ഏദനും അവസാന പതിനൊന്നിൽ. അത്ഭുതങ്ങൾ അവിടം കൊണ്ടും തീർന്നില്ല. മേഘാലയക്കെതിരായ ആദ്യ മത്സരത്തിലെ പതിനൊന്നംഗ ടീമിൽ ഏദനേയും ഉൾപ്പെടുത്തി. പ്രായവും പരിചയവും ഏറെ കുറവുള്ള തന്നിൽ ടീമും മനേജ്‌മെന്റും അർപ്പിച്ച വിശ്വാസം ഏദൻ കാത്തുസൂക്ഷിച്ചു.

എറിഞ്ഞ ആദ്യ പന്തിൽ തുടങ്ങിയ വിക്കറ്റ് വേട്ടയിൽ ഏദന് മുന്നിൽ മുട്ടുമടക്കിയത് നാല് പേർ. ശ്രീശാന്തും ബേസിൽ തമ്പിയും ഉൾപ്പെട്ട ബൗളിംഗ് നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടവുമായാണ് ഏദൻ തിരിച്ചുകയറിയത്. 2005ലാണ് കേരള ക്രിക്കറ്റിലെ പുത്തൻ പേസ് സെൻസേഷൻ ഏദൻ ആപ്പിൾ ടോമിന്റെ ജനനം. കേരളം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ ശ്രീശാന്ത് ഇന്ത്യയ്ക്കായി അരങ്ങേറിയതും ആ വർഷം തന്നെ. പതിനാറു വർഷങ്ങൾക്കിപ്പുറം സംഭവബഹുലമായ തന്റെ ക്രിക്കറ്റ് കരിയർ ശ്രീശാന്ത് അവസാനിപ്പിക്കുമ്പോൾ രഞ്ജി ട്രോഫിയിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് ഏദൻ വരവറിയിക്കുകയായിരുന്നു.
തന്റെ ഏറ്റവും വലിയ പ്രചോദനമായ ശ്രീഭായിയോടൊപ്പം അദ്ദേഹത്തിന്റെ അവസാന ടൂർണമെന്റിൽ കളിക്കാനായത് വലിയ ഭാഗ്യമായാണ് ഏദൻ കാണുന്നത്. സ്വന്തം കഴിവിൽ എപ്പോഴും വിശ്വസിക്കണമെന്നും നീയാരാണെന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കാനുമാണ് ശ്രീശാന്ത് ഏദന് നൽകിയ ഉപദേശം. അദ്ദേഹത്തിന്റെ ബൗളിംഗിൽ ബാറ്റർ ബുദ്ധിമുട്ടുന്നത് കണ്ട് അന്തം വിട്ടുപോയെന്നും ആ എക്സ്പീരിയൻസിന് മുന്നിൽ നമിച്ചുവെന്നും ഏദൻ പറയുന്നു.