
പ്രായഭേദമന്യേ നടിമാർ നിരന്തരം അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുകൾക്ക് ഇരയാകാറുണ്ട്. പലരും ഇത്തരക്കാരോട് പ്രതികരിക്കാറില്ല. ഇപ്പോളിതാ തന്നെ ട്രോളുകൾക്ക് മറുപടിയുമായി നടി മലൈക്ക അറോറ രംഗത്തുവന്നിരിക്കുകയാണ്. ഫർഹാൻ അക്തർ– ഷിബാനി ദണ്ഡേകർ താരദമ്പതികൾക്കായി റിതേഷ് സിദ്ധ്‌വാനി സംഘടിപ്പിച്ച വിവാഹസത്കാരത്തിന് ധരിച്ച ബ്ലാക്ക് ഷീർ ഗൗണിന്റെ പേരിലായിരുന്നു വിമർശനം. അമൃത അറോറയ്ക്കും കരീന കപൂറിനും കരിഷ്മ കപൂറിനുമൊപ്പമാണ് മലൈക വിവാഹ വേദിയിലെത്തിയത്. 'പ്രായത്തിന് ചേരുന്ന വസ്ത്രം ധരിച്ചുകൂടേ? ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ?' തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് മലൈക്ക നേരിട്ടത്.
''അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത്. ജനങ്ങൾക്ക് ഇരട്ടത്താപ്പാണ്. കാരണം ഇതേ വസ്ത്രം റിഹാനയോ ജെന്നിഫർ ലോപ്പസോ ബിയോൺസെയോ ധരിച്ചാൽ മനോഹരം എന്നു പറയും. എന്നാൽ ഞാൻ ധരിച്ചാൽ 'അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..' എന്നിങ്ങനെയാവും പ്രതികരണം. എന്തിനാണ് ഈ കപടനാട്യം? ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു'' എന്നായിരുന്നു മലൈകയുടെ മറുപടി. ഇത്തരം ട്രോളുകൾ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും തന്റെ മാതാപിതാക്കൾ ഈ വാർത്തകൾ കണ്ട് അസ്വസ്ഥരാവാറുണ്ടെന്നും മലൈക്ക പറഞ്ഞു.
കൂടാതെ വിവാഹമോചിതയായ മലൈക്ക തന്നേക്കാൾ പ്രായം കുറഞ്ഞ നടനെ കാമുകനാക്കിയതിന്റെ പേരിൽ നിരന്തരം ക്രൂരമായ വിമർശനങ്ങൾ നേരിടാറുണ്ട്.