
പാലക്കാട് : ഔദ്യോഗിക ക്യത്യ നിർവഹണം മാറ്റി വച്ച് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോൽക്കളി പരിശീലനം. പാലക്കാട് ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്. കഴിഞ്ഞ ദിവസം 3 മണിയോടെയാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.
നൂറ് കണക്കിന് ഫയലുകൾ തീർപ്പാക്കാതെ ഓഫീസിൽ കെട്ടിക്കിടക്കുമ്പോഴാണ് വനിതാ ജീവനക്കാരുടെ ഈ കോല്‍ക്കളി. ആരോ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഇവരുടെ കോൽക്കളി പരിശീലനത്തിൻ്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒട്ടനവധി ആളുകൾ ജീവനക്കാരുടെ കോൽക്കളിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ജീവനക്കാരുടെ ഈ അനാസ്ഥയ്‌ക്കെതിരെ സാമൂഹിക പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന കുടുംബ മേളയുടെ ഭാഗമായാണ് ജീവനക്കാർ കോല്‍ക്കളി പരിശീലനം നടത്തിയത്.