petrol-america

വാഷിംഗ്ടൺ: അമേരിക്കയിൽ പെട്രോൾ വില റെക്കോഡിലെത്തി. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഈയാഴ്ച പെട്രോൾ വില കുതിച്ചത്. എന്നിട്ടും ആ വിലയ്ക്ക് ഇന്ത്യയിലെ പെട്രോൾ വിലയെ മറികടക്കാനായില്ല. റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷം മാത്രം അമേരിക്കയിലെ പെട്രോൾ വില ഏകദേശം 0.70 ഡോളറാണ് ഉയർന്നത്.

ഒരു ഗാലൺ (3.78 ലിറ്റർ) പെട്രോളിന് 4.31 ഡോളറാണ് (329.95 രൂപ) അമേരിക്കയിലെ ഇപ്പോഴത്തെ വില. ഇവിടെ ഡീസലിന് പെട്രോളിനേക്കാൾ വില നൽകണം എന്നതും പ്രത്യേകതയാണ്. ഒരു ഗാലൺ ഡീസലിന് 5.05 ഡോളർ (386.60 രൂപ) നൽകണം.

14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇപ്പോൾ അമേരിക്കയിൽ പെട്രോൾ വില എത്തിയത്. 2008 ജൂലൈ 17 ന് സ്ഥാപിച്ച 4.11 ഡോളർ എന്ന റെക്കോഡാണ് ഇപ്പോഴത്തെ ഈ വിലക്കയറ്റം തകർത്തിരിക്കുന്നത്.

അമേരിക്കയിൽ പെട്രോൾ വിൽപന ഗാലണിലാണ് നടത്തുന്നത്, ലിറ്ററിലല്ല. ഒരു യുഎസ് ഗാലണെന്നാൽ 3.78 ലിറ്ററാണ്. അതേ സമയം ഇംപീരിയൽ ഗാലൺ അഥവാ യുകെ ഗാലൺ എന്നത് 4.54 ലിറ്ററാണ്. അതായത് ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ 87.28 രൂപ കൊടുക്കണം. ഈ വില മാസങ്ങളായി ഇന്ത്യയിൽ പെട്രോൾ വിൽക്കുന്ന വിലയേക്കാൾ കുറവാണ്.

മിക്ക ഇന്ത്യൻ നഗരങ്ങളിലും പെട്രോൾ വില തൊണ്ണൂറിനോ നൂറിനോ മുകളിലാണ്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും വച്ച് കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് ശേഷം 2021 നവംബർ 4 മുതൽ വിലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല.