
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളിയായ ഐസിസ് ഭീകരൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എം.ടെക് വിദ്യാർത്ഥിയായിരുന്ന മലപ്പുറം സ്വദേശി നജീബ് അൽ ഹിന്ദിയാണ് (23) മരിച്ചത്. ഐസിസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രമായ ' വോയിസ് ഒഫ് ഖൊറാസൻ ' ആണ് മരണവാർത്ത ചിത്രം സഹിതം പുറത്തുവിട്ടത്.
കേരളത്തിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം അഫ്ഗാനിലെത്തിയ ഇയാൾ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒരു പാകിസ്ഥാൻ സ്വദേശിനിയെ വിവാഹം കഴിച്ചെന്നും അതേ ദിവസമാണ് ചാവേറായി ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാഹ ദിവസം ഐസിസ് ഭീകരർക്ക് നേരെ ആക്രമണമുണ്ടായതോടെ വിവാഹത്തിൽ നിന്ന് പിന്മാറി പോരാട്ടത്തിന്റെ ഭാഗമാകാൻ നജീബ് തീരുമാനിച്ചു. പക്ഷേ, പെൺകുട്ടിയുടെ പിതാവ് സമ്മതിക്കാത്തതിനാൽ വിവാഹച്ചടങ്ങ് നടത്തേണ്ടിവന്നു. പിന്നാലെ നജീബ് ചാവേർ ആക്രമണത്തിന് പങ്കെടുക്കുകയും കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ, ഇയാൾ എപ്പോൾ എങ്ങനെ കൊല്ലപ്പെട്ടു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
വെല്ലൂരിൽ എം.ടെക്കിന് പഠിക്കവെ, 2017 ആഗസ്റ്റിലാണ് നജീബിനെ കാണാതായത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോയ ഇയാൾ അവിടെ നിന്ന് ഖൊറാസാനിലേക്ക് എത്തുന്നതിന് മുൻപ് സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയെന്നും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.