helicopter-crash

ശ്രീനഗർ: വടക്കൻ കാശ്‌മീരിലെ ബന്ദിപ്പോര ഗുരേസ് ടുലായിൽ മേഖലയിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് വീണ് കോ - പൈലറ്റ് മരിച്ചു. മേജർ സങ്കല്പ് യാദവ് (29) ആണ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് 92 ബേസ് സൈനിക ആശുപത്രിയിൽ വച്ച് ജീവൻ വെടിഞ്ഞത്.

പൈലറ്റിന് ഗുരുതരമായ പരിക്കേറ്റു. ഇദ്ദേഹം ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബറൗബിലെ ഗുജ്റൻ സൈനിക പോസ്റ്റിലെ അസുഖബാധിതരായ അതിർത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള പതിവ് യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന് വഴിതെറ്റുകയായിരുന്നു എന്നാണ് വിവരം. പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രദേശം മുഴുവൻ മഞ്ഞുമൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതിന് തൊട്ടുപിന്നാലെ സൈന്യം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ത്വരിതഗതിയിലുള്ള രക്ഷാപ്രവർത്തനമാണ് ഇവരെ കണ്ടെത്തി ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.

ജയ്‌പൂർ സ്വദേശിയായ മേജർ യാദവ് 2015ലാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. അച്ഛൻ മാത്രമാണുള്ളത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.