
കീവ് : അധിനിവേശത്തിന്റെ പതിനാറാം ദിനമായ ഇന്നലെ യുക്രെയിനിന്റെ പടിഞ്ഞാറൻ നഗരങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ച് റഷ്യ. നിപ്രോ ഉൾപ്പെടെ വിവിധ യുക്രെയിനിയൻ നഗരങ്ങളെ പുതിയ ആക്രമണ ലക്ഷ്യമാക്കി മാറ്റി റഷ്യ. ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 9.45 ഓടെയാണ് നിപ്രോ നഗരത്തിലെ വ്യവസായ സമുച്ഛയത്തെ ലക്ഷ്യമിട്ട് റഷ്യൻ വ്യോമാക്രമണം നടന്നത്. യുക്രെയിനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് നിപ്രോ. ഇതാദ്യമായാണ് നിപ്രോയ്ക്ക് നേരെ ശക്തമായ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഖാർക്കീവിന്റെ കിഴക്ക് ഐസിയം നഗരത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിന് നേരെ റഷ്യൻ വ്യോമാക്രമണം നടന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ആളപായമില്ലെന്ന് യുക്രെയിനിലെ സ്റ്റേറ്റ് എമർജൻസി സർവീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ ആശുപത്രിയിലെ 30 ജീവനക്കാരും 330 രോഗികളും ബോംബ് ഷെൽട്ടറിലായിരുന്നു.
റഷ്യൻ സേന തങ്ങൾക്ക് നേരെ തുടർച്ചയായി ബോംബാക്രമണങ്ങൾ നടത്തുകയാണെന്ന് ഖാർക്കീവ് മേയർ ഇഹോർ തെറെക്കോവ് പറഞ്ഞു. ഖാർക്കീവിലെ 48 സ്കൂളുകൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി അദ്ദേഹം പറയുന്നു.
ലുറ്റ്സ്കിലെ വ്യോമതാവളത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഇന്ത്യൻ സമയം 9.15 ഓടെയായിരുന്നു നാല് റഷ്യൻ റോക്കറ്റുകൾ ഇവിടെ പതിച്ചത്.
ലുറ്റ്സ്കിലും ഇവാനോ-ഫ്രാങ്കിവ്സ്ക് എന്നിവിടങ്ങളിലെ രണ്ട് സൈനിക വ്യോമതാവളങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തിയെന്നും അവ തകർത്തെന്നും റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഈഗർ കൊനെഷെൻകോവ് പറഞ്ഞു.
മരിയുപോളിന് വടക്കുള്ള വൊൽനോവഖ നഗരം പിടിച്ചെടുത്തെന്ന് റഷ്യൻ അനുകൂല വിമതർ അറിയിച്ചു. മരിയുപോൾ നഗരത്തിലേക്കുള്ള തന്ത്രപ്രധാന പ്രവേശന മാർഗം കൂടിയാണ് വൊൽനോവഖ.
കീവ്, സുമി, ഖാർക്കീവ്, മരിയുപോൾ, ചെർണീവ് നഗരങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിന് ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വെടിനിറുത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു.
വിദേശ പോരാളികളെ സ്വാഗതം ചെയ്ത് പുട്ടിൻ
റഷ്യയുടെ ഭാഗത്ത് നിന്ന് യുക്രെയിനെതിരെ പോരാടൻ തയാറായിട്ടുള്ള വിദേശ വോളന്റിയർമാരെ സ്വാഗതം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. യുക്രെയിൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിലെ വിമതർക്ക് നൽകുന്നതിനെയും പുട്ടിൻ അനുകൂലിച്ചു. ഡോണസ്ക്, ലുഹാൻസ്ക് മേഖലയിൽ വിമതർക്കൊപ്പം നിന്ന് പോരാടൻ 16,000 വോളന്റിയർമാർ തയാറാണെന്നും മിഡിൽ ഈസ്റ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്‌ഗു പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി കീവിന് പുറത്ത് നിലയുറപ്പിച്ചിരുന്ന 64 കിലോമീറ്റർ ദൈർഘ്യമുള്ള റഷ്യൻ സൈനിക വ്യൂഹം പലയിടത്തേക്കായി പിരിഞ്ഞതായി ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി യു.എസ് കമ്പനിയായ മാക്സർ അറിയിച്ചു. കീവിലേക്ക് റഷ്യയുടെ കരമാർഗമുള്ള ശക്തമായ ആക്രമണ സാദ്ധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
അതേ സമയം, നാളെ മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിൽ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ആഹ്വാനം ചെയ്തു. അധിനിവേശത്തിനെതിരെ റഷ്യൻ നഗരങ്ങളിൽ നടക്കുന്ന യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളിൽ ഇതുവരെ 13,900 ത്തിലേറെ പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്.
78 കുട്ടികൾ മരിച്ചെന്ന് യുക്രെയിൻ
അധിനിവേശം തുടങ്ങിയ നാൾ മുതൽ ഇതുവരെ കുറഞ്ഞത് 78 കുട്ടികൾ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് യുക്രെയിനിലെ മനുഷ്യാവകാശ ഓംബുഡ്സ്‌വുമൺ ല്യുമൈല ഡെനിസോവ ആരോപിച്ചു. തങ്ങളുടെ സൈനികരെക്കാളും കൂടുതൽ സാധാരണക്കാർ റഷ്യൻ ആക്രമണത്തിൽ മരിച്ചെന്ന് യുക്രെയിൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ് പറഞ്ഞു.
ഏകദേശം 25 ലക്ഷത്തിലേറെ പേർ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അതേ സമയം, 222,000 പേരെ യുക്രെയിനിൽ നിന്നും വിമത പ്രവിശ്യകളിൽ നിന്നും റഷ്യയിലേക്ക് ഒഴിപ്പിച്ചെന്ന് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
അതേ സമയം, യുക്രെയിനിലെ എല്ലാ ആണവനിലയങ്ങളുടെയും പ്രവർത്തനം സ്ഥിരതയോടെ തുടരുന്നതായും റേഡിയേഷൻ നിലയിൽ മാറ്റങ്ങളില്ലെന്നും യുക്രെയിനിലെ ആണവനിലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എനർഗോട്ടം അറിയിച്ചു. റഷ്യയിൽ നിന്ന് ഇനി ആണവ ഇന്ധനം വാങ്ങില്ലെന്നും എനർഗോട്ടം വ്യക്തമാക്കി. സോവിയറ്റ് കാലഘട്ടത്തിലെ ആണവനിലയങ്ങളാണ് യുക്രെയിനിൽ പ്രവർത്തിക്കുന്നത്. ഇവിടെങ്ങളിലേക്കുള്ള ഇന്ധനം റഷ്യയിൽ നിന്നും യു.എസിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
വീണ്ടും കടുപ്പിച്ച് യു.എസ്
അതേസമയം, റഷ്യയ്ക്കെതിരെയുള്ള ഉപരോധങ്ങൾ യു.എസ് ഘടിപ്പിച്ചു. റഷ്യയിൽ നിന്നുള്ള വോഡ്ക, സീഫുഡ്, ഡയമണ്ട് തുടങ്ങിയവ നിരോധിച്ചതായും വ്യാപാര മേഖലയിൽ റഷ്യയ്ക്ക് നൽകിയിട്ടുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ അധിനിവേശത്തിനെതിരെ യൂറോപ്യൻ സഖ്യരാജ്യങ്ങളെ അണിനിരത്തുന്നതിന്റെ ചർച്ചകളുടെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്നലെ റൊമേനിയയിലെത്തി. റൊമേനിയൻ പ്രസിഡന്റ് ക്ലോസ് ലോഹന്നിസുമായി കമല ഇന്നലെ ബുക്കാറസ്റ്റിൽ കൂടിക്കാഴ്ച നടത്തി.
റഷ്യ - യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി 50 ദശലക്ഷം ഡോളർ യു.എന്നിന്റെ ഭക്ഷ്യപദ്ധതിയിലൂടെ യു.എസ് സംഭാവന നൽകുമെന്ന് കമല ഇന്നലെ അറിയിച്ചിരുന്നു.റഷ്യൻ ഭരണകൂടത്തിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളുടെ ചാനലുകൾക്ക് ലോകമെമ്പാടും വിലക്കേർപ്പെടുത്തുമെന്ന് യൂട്യൂബ് അറിയിച്ചു.