fb

യുക്രെയിനെതിരായ റഷ്യയുടെ ആക്രമണത്തെ അമേരിക്ക വളരെ ശക്തമായാണ് എതിർത്തത്. നേരിട്ടൊരു യുദ്ധത്തിന് പുറപ്പെടാതെ ഉപരോധം വഴി റഷ്യയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് അമേരിക്ക ചെയ്യുന്നത്. വിവിധ അമേരിക്കൻ, യൂറോപ്യൻ കമ്പനികളും റഷ്യയ്‌ക്കെതിരായി ഇത്തരത്തിൽ തിരിഞ്ഞിട്ടുണ്ട്.

ഫേസ്‌ബുക്ക് ഉടമസ്ഥരായ മെറ്റ അവരുടെ കമ്പനിയുടെ നയത്തിൽ വ്യതിയാനം വരുത്തിയതാണ് ഇക്കൂട്ടത്തിൽ പുതിയത്. റഷ്യൻ പ്രസിഡന്റ് വ്ളാ‌ഡിമർ പുടിൻ, ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെങ്കോ എന്നിവരെ വധിക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും അനുവദിക്കും. റഷ്യൻ സൈനികർക്കെതിരായ ആക്രമണങ്ങളുടെ ചിത്രങ്ങളും അനുവദിക്കും. എന്നാൽ ഇവർക്കെതിരെ മാത്രമേ രാഷ്‌ട്രീയ പോസ്‌റ്റുകൾ അനുവദിക്കൂ എന്നും റഷ്യൻ സാധാരണ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ ഒരുവിധത്തിലും കമ്പനി അനുവദിക്കില്ലെന്നും മെ‌റ്റ വക്താവ് അറിയിച്ചു. അർമേനിയ, അസർബൈജാൻ, എസ്‌തോണിയ, ജോർജിയ, ഹംഗറി,ലാത്വിയ, ലിത്വാനിയ,പോളണ്ട്, റഷ്യ,റൊമാനിയ, സ്ളൊവാക്യ, യുക്രെയിൻ എന്നീ രാജ്യങ്ങളിൽ ഈ നിയമം ബാധകമാണ്.